കുരുന്നുകള്‍ കൊയ്ത്തിനിറങ്ങി; ഏഴോം കൈപ്പാട് ആവേശഭരിതം

Posted By : knradmin On 11th October 2014


 

 
പഴയങ്ങാടി: നെരുവമ്പ്രം യു.പി. സ്‌കൂള്‍ കുട്ടികള്‍ ഏഴോം കൈപ്പാടില്‍ നെല്ല് കൊയ്യാനിറങ്ങി. കുട്ടികള്‍ക്കൊപ്പം ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നത് കര്‍ഷകരെയും തൊഴിലാളികളെയും ആവേശഭരിതരാക്കി. 'ഏഴോം രണ്ട്' എന്ന സങ്കരവിത്താണ് ഇത്തവണ കൃഷിക്കുപയോഗിച്ചത്. പൂര്‍ണമായും ജൈവകൃഷിരീതി അവലംബിച്ച കുട്ടികള്‍ക്ക് ഇത്തവണത്തെ അനുയോജ്യമായ കാലാവസ്ഥ മികച്ചവിള നല്‍കി. കുട്ടികള്‍ കൃഷിയിടത്തിലിറങ്ങി മാതൃകയാകുന്നത് ഇത് പത്താം തവണയാണ്.
ടി.വി.രാജേഷ് എം.എല്‍.എ. കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഏഴോം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി.കുഞ്ഞിരാമന്‍, കൃഷി ഓഫീസര്‍ റിയാസ് ആര്‍., അസിസ്റ്റന്റ് എം.വി.രാമകൃഷ്ണന്‍, പി.ടി.എ. പ്രസിഡന്റ് പി.കെ.വിശ്വനാഥന്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് രാജിത, പ്രഥമാധ്യാപകന്‍ വി.വി.രവി, എ.പി.വത്സല, എം.അഭിനന്ദ്, കോഓര്‍ഡിനേറ്റര്‍ ടി.വി.ബിജുമോഹന്‍ എന്നിവര്‍ പങ്കെടുത്തു. ഏഴോം ശിവദാസിന്റെ നേതൃത്വത്തില്‍ കൊയ്ത്തുപാട്ട് പാടി. ഈ അറിവുകള്‍ ശേഖരിച്ച് പുസ്തകമാക്കാനും പുന്നെല്ലുകൊണ്ട് നെരുവമ്പ്രത്ത് പുത്തരി സദ്യയൊരുക്കാനുമുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍.
 

Print this news