തലശ്ശേരി: സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ്ബ് വാഴക്കൃഷിയുടെ ഒന്നാംഘട്ട വിളവെടുപ്പ് നടത്തി. തലശ്ശേരി നഗരസഭാധ്യക്ഷ ആമിന മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു.
ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയ 30 സെന്റ് സ്ഥലത്താണ് കൃഷി.
കെട്ടിടാവശിഷ്ടങ്ങളും മാലിന്യവും നിറഞ്ഞ് ഉപയോഗശൂന്യമായ സ്ഥലമാണ് സീഡ് ക്ലബ്ബ് കൃഷിയോഗ്യമാക്കിയത്. കൃഷിമന്ത്രി കെ.പി.മോഹനന്റെ പ്രത്യേക താത്പര്യപ്രകാരം കൃഷിവകുപ്പ് നല്‍കിയ നേന്ത്രന്‍, റോബസ്റ്റ ഇനത്തില്‍പ്പെട്ട വാഴകളാണ് നട്ടത്. വാഴക്കൃഷിയുടെ ഉദ്ഘാടനവും മന്ത്രിയായിരുന്നു നിര്‍വഹിച്ചത്.
നനയ്ക്കല്‍, ചുവട്ടില്‍ പുതയിടല്‍, വളമിടല്‍ തുടങ്ങി വാഴയുടെ പരിപാലനം പൂര്‍ണമായും സീഡംഗങ്ങള്‍ നിര്‍വഹിച്ചു. സീഡ് കോഓര്‍ഡിനേറ്റര്‍ ലിസമ്മ തോമസ്, ബിന്ദു ജോയ് എന്നിവരുടെ നേതൃത്വത്തില്‍ ഈവ മരിയ, ദ്വൈത, ഹൃദ്യ രമത്ത്, പി.നന്ദന, ശ്രീലക്ഷ്മി, തീര്‍ഥമനോജ്, വിസ്മയ, നന്ദനപ്രേം എന്നീ വിദ്യാര്‍ഥിനികളാണ് കൃഷിപരിപാലനത്തിന് ചുമതല വഹിക്കുന്നത്.
സെല്‍വന്‍ മേലൂര്‍, പി.ടി.എ. പ്രസിഡന്റ് ദിനേശന്‍, പ്രഥമാധ്യാപിക സി.രേഖ, ലോക്കല്‍ മാനേജര്‍ സി.മരിയ ജീന, മദര്‍ പി.ടി.എ. പ്രസിഡന്റ് മോനിഷ, പി.ടി.എ. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, സീഡ് കോഓര്‍ഡിനേറ്റര്‍ ലിസമ്മ തോമസ്, ബിന്ദു ജോയ്, സ്റ്റാഫ് സെക്രട്ടറി ഷൈജ എന്നിവര്‍ പങ്കെടുത്തു.