കൊടക്കാട്: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് ഡയറക്ടറേറ്റും മാതൃഭൂമി സീഡും ചേര്ന്നുള്ള മൈ ട്രീ ചാലഞ്ചിന്റെ പയ്യന്നൂര്‍ മേഖലാതല ഉദ്ഘാടനം കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വി.എച്ച്.എസ്.ഇ. സ്‌കൂളില്‍ നടന്നു. പദ്ധതിയുടെ ഭാഗമായി ഓരോ വി.എച്ച്.എസ്.ഇ. സ്‌കൂളിലെയും എന്‍.എസ്.എസ്. അംഗങ്ങള്‍ സ്‌കൂള്‍ സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ വീടുകളില്‍ നാല് വൃക്ഷത്തൈവീതം നട്ട് പരിപാലിക്കും. വൃക്ഷത്തിന്റെ പേര്, ശാസ്ത്രീയനാമം എന്നിവ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിക്കും. കേരളത്തിലാകെ ഈ പദ്ധതിയുടെ ഭാഗമായി ഒരുലക്ഷത്തിലധികം വൃക്ഷത്തൈകള്‍ നടും. മേഖലാതല ഉദ്ഘാടനം പിലിക്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കുഞ്ഞിക്കണ്ണന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ എം.വിശ്വനാഥന്‍ അധ്യക്ഷതവഹിച്ചു. എന്‍.എസ്.എസ്. കോ ഓര്‍ഡിനേറ്റര്‍ റജി തോമസ് സ്വാഗതവും സീഡ് കോ ഓര്‍ഡിനേറ്റര്‍ ഒ.എം.അജിത്ത് നന്ദിയും പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് സി.വി.രാധാകൃഷ്ണന്‍, എന്‍.എസ്.എസ്. ജില്ലാ കോ ഓര്ഡിനേറ്റര് കെ.ഗോപകുമാര്, സ്റ്റാഫ് സെക്രട്ടറി ഒ.വി.ചിത്രേശന്‍, പി.പി.പ്രദീപ്കുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.