തപാല്‍ദിനം ആചരിച്ചു

Posted By : pkdadmin On 11th October 2014


 തിരുവിഴാംകുന്ന്: തപാല്‍ദിനത്തോടനുബന്ധിച്ച് തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വിവിധ ക്ലബ്ബുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 70തിലധികം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് 'നിങ്ങള്‍ക്കും ഒരു കത്തെഴുതാം' എന്ന പരിപാടി സംഘടിപ്പിച്ചു. സീഡ് വിദ്യാരംഗം കലാസാഹിത്യ വേദിയാണ് ദിനാചരണത്തിന് നേതൃത്വം നല്‍കിയത്.
പിന്നാക്കമേഖലയില്‍പ്പെട്ട തിരുവിഴാംകുന്ന് ഗ്രാമത്തില്‍ സര്‍ക്കാര്‍ ആയുര്‍വേദ ആസ്​പത്രി സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് എം.ബി. രാജേഷ് എം.പി.ക്ക് കുട്ടികള്‍ കത്തെഴുതിയത്.
തിരുവിഴാംകുന്നിലെ കൊന്നാരത്തെ ആരോഗ്യ ഉപകേന്ദ്രം പ്രാഥമികാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തി ഡോക്ടറുടെ സേവനം ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ.യ്ക്കും കത്തെഴുതി.
മൂന്ന് സ്‌കൂളും ഒരു പാലവുമുള്ള കോട്ടോപ്പാടം-തിരുവിഴാംകുന്ന് റോഡില്‍ വളവുംതിരിവുമായുള്ള ഭാഗങ്ങളില്‍ നിരവധി അപകടമുണ്ടാകുന്നു. അപായസൂചക ബോര്‍ഡുകള്‍ സ്ഥാപിച്ച് വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് പാലക്കാട് പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്കും വിദ്യാര്‍ഥികള്‍ കത്തെഴുതി.
കത്തുകള്‍ സമീപത്തെ പോസ്റ്റോഫീസിലെ തപാല്‍പ്പെട്ടിയില്‍ ഇട്ടു. ഇക്കഴിഞ്ഞദിവസം മാതൃഭൂമി വിദ്യയില്‍വന്ന 'ഹായ് പോസ്റ്റ്' ലേഖനമാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ പ്രേരണയായത്. കത്തുകളെയും സ്റ്റാമ്പുകളെയുംകുറിച്ച് ക്ലാസും ഉണ്ടായി. വിദ്യാരംഗം കണ്‍വീനര്‍ ജയചന്ദ്രന്‍ ചെത്തല്ലൂര്‍, മോഹന്‍ദാസ് എം., പ്രമീള കെ., മുഹമ്മദ് പാഷ എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ഥിയായ ദേവനന്ദന്‍ തപാല്‍ദിനത്തെക്കുറിച്ച് ലഘുവിവരണം നല്‍കി.

Print this news