പ്രകൃതിയെ സ്‌നേഹിച്ച്് ബദരിനാഥിന്റെ പിറന്നാള്‍ദിനം

Posted By : pkdadmin On 11th October 2014


 ഒറ്റപ്പാലം: പ്രകൃതിയുടെ പച്ചപ്പ് നിലനിര്‍ത്തണമെന്ന സന്ദേശവുമായി ചെര്‍പ്പുളശ്ശേരിയിലെ ബദരിനാഥിന്റെ ഒന്നാംപിറന്നാള്‍. 200 ഓളം തേക്കിന്‍തൈകള്‍ വിതരണംചെയ്ത്, മണ്ണാര്‍ക്കാട് ഫെയ്ത്ത് ഇന്ത്യയിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു കുടുംബം പിറന്നാള്‍ദിനം ചെലവഴിച്ചത്. ചെറുമുണ്ടശ്ശേരി യു.പി. സ്‌കൂള്‍ അധ്യാപകനും സീഡ് കോ-ഓര്‍ഡിനേറ്ററുമായ അച്യുതാനന്ദന്റെയും അഞ്ജലിയുടെയും മകനാണ് ബദരിനാഥ്. 
ആഘോഷങ്ങള്‍ ഒഴിവാക്കി മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നിലമ്പൂര്‍ തേക്കിന്‍തൈകള്‍ വിതരണംചെയ്യാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. വിവാഹവേളയിലും അച്യുതാനന്ദന്‍ അതിഥികള്‍ക്ക് 1,000 തേക്കിന്‍തൈകള്‍ നല്‍കിയിരുന്നു.
കല്ലുവഴി എ.യു.പി. സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകനായ കെ. വാസുദേവന്‍ വിദ്യാര്‍ഥി കെ. യൂനസിന് തൈ നല്‍കി പരിപാടി ഉദ്ഘാടനംചെയ്തു. കെ.പി. നളിനി, എം.കെ. രജനി, എസ്.എസ്. അനീഷ്‌നായര്‍, കെ.ഇ. ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി. 

Print this news