പുതുതലമുറയുമായി അനുഭവങ്ങള്‍ പങ്കുവെച്ചു

Posted By : pkdadmin On 6th October 2014


 തിരുവിഴാംകുന്ന്: തിരുവിഴാംകുന്ന് സി.പി.എ. യു.പി. സ്‌കൂളില്‍ 'മുഖാമുഖം' നടത്തി. റിട്ട. പ്രധാനാധ്യാപകന്‍ 79 കാരനായ അലനല്ലൂര്‍ പട്ടല്ലൂര്‍മന ദാമോദരന്‍ നമ്പൂതിരിപ്പാടാണ് പുതുതലമുറയുമായി അനുഭവങ്ങള്‍ പങ്കുവെച്ചത്.
ആദ്യകാലത്തെ കുട്ടികളുടെ പഠിത്തം, അധ്യാപക-വിദ്യാര്‍ഥി ബന്ധം, ശിക്ഷണ രീതികള്‍, മാതൃക അധ്യാപകന്‍ എങ്ങനെയായിരിക്കണം, ദാരിദ്ര്യം കുട്ടികളുടെ പഠനരീതിയെ എങ്ങനെ ബാധിച്ചു, കലാ-കായിക ഇടപെടലുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ ചോദിച്ചറിഞ്ഞു.
സ്‌കൂളിലെ മലയാളം, സീഡ്  ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചത്. അന്‍പതിലധികം കുട്ടികള്‍ പങ്കെടുത്ത മുഖാമുഖം സീനിയര്‍ അധ്യാപിക ഗീത കെ. ഉദ്ഘാടനം ചെയ്തു. ടി. ശാലിനി അധ്യക്ഷയായി. ജയചന്ദ്രന്‍ ചെത്തല്ലൂര്‍, ദേവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന്, തിരഞ്ഞെടുക്കപ്പെട്ട 24 ഓളം കുട്ടികള്‍ പങ്കെടുത്ത 'എന്നെ സ്വാധീനിച്ച അധ്യാപകന്‍' എന്ന വിഷയത്തില്‍ അനുഭവക്കുറിപ്പ് മത്സരവും സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ പി.കെ. ജയപ്രകാശ് ഉദ്ഘാടനംചെയ്തു. മോഹന്‍ദാസ് അധ്യക്ഷനായി

Print this news