മുടപ്പല്ലൂര്‍ : കുട്ടികളുടെ കൂട്ടായ്മ വിളവെടുത്തത് നൂറുമേനി പച്ചക്കറി. മുടപ്പല്ലൂര്‍ സൗത്ത് എ.എല്‍.പി.സ്‌കൂള്‍ മുറ്റമാണ് സീഡ് കുട്ടിക്കര്‍ഷകരുടെ പച്ചക്കറിക്കൃഷിക്ക് വിളഭൂമിയായത്. സ്‌കൂള്‍ വളപ്പില്‍ ഏതാണ്ട് 20 സെന്റ് സ്ഥലത്ത് കൃഷിയിറക്കിയിട്ടുണ്ട്.
വിളവെടുക്കുന്ന പച്ചക്കറികള്‍ വിദ്യാര്‍ഥികള്‍ അവരുടെ ഉച്ചഭക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്. പയര്‍, വെണ്ട, വഴുതിന, ചീര, കുമ്പളം, വെള്ളരി, മത്തന്‍, പച്ചമുളക്, ചേന, ചേമ്പ്, പപ്പായ, വാഴ തുടങ്ങിയവയാണ് കൃഷിയിറക്കിയിരിക്കുന്നത്. വിളവെടുപ്പ് തുടങ്ങിയതോടെ ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയാണ്.
ക്ലാസടിസ്ഥാനത്തില്‍ ചെറുസംഘങ്ങളായിത്തിരിഞ്ഞുള്ള വിളപരിപാലനമാണ് നടന്നത്. അധ്യാപകരുടെ മേല്‍നോട്ടം കൂടിയായപ്പോള്‍ കുട്ടികള്‍ക്ക് പഠനത്തോടൊപ്പം കൃഷി രസകരമായി. പച്ചക്കറിക്കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കുട്ടി കര്‍ഷകര്‍.
വിളവെടുപ്പ് വണ്ടാഴി കൃഷി ഓഫീസര്‍ സിനീഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ എം. ശിവശങ്കരന്‍ അധ്യക്ഷനായി. എം.പി.ടി.എ. പ്രസിഡന്റ് ബിന്ദു വാസുദേവന്‍, സുരിജശ്യാമളന്‍ എന്നിവര്‍ സംസാരിച്ചു.