കുളപ്പുള്ളി: മണ്ണിനെ സ്‌നേഹിച്ച് കുഞ്ഞിളം കൈകളാല്‍ വിത്തിട്ടപ്പോള്‍ കല്ലിപ്പാടം ആരിയിഞ്ചിറ യു.പി. സ്‌കൂളിലെ പറമ്പില്‍ പൂത്തുലഞ്ഞത് മനോഹരമായ പച്ചക്കറിത്തോട്ടം. സ്‌കൂളിലെ സീഡ് വിദ്യാര്‍ഥികളാണ് മണ്ണിന്റെ മനമറിഞ്ഞ് വിത്ത് പാകിയത്. സ്‌കൂളിനോട് ചേര്‍ന്നുള്ള 10 സെന്റ് സ്ഥലത്താണ് പച്ചക്കറി കൃഷി.
കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി. കൃഷിസ്ഥലത്ത് പയര്‍, വെണ്ട, മുളക്, ചീര, കൂര്‍ക്ക, വാഴ എന്നിവ സമൃദ്ധമായി വളരുന്നു. വര്‍ഷങ്ങളായി സ്‌കൂളില്‍ കൃഷി നടത്തുന്നുണ്ടെങ്കിലും ആദ്യമായിട്ടാണ് കൃഷിഭവന്‍ മുഖേന ശാസ്ത്രീയമായി കൃഷിയിറക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിലുള്ള കൃഷി വിജയിച്ചതിലുള്ള സന്തോഷത്തിലാണ് വിദ്യാര്‍ഥികളും അധ്യാപകരും. ചെടികള്‍ പരിചരിക്കുന്നത് വഴി കുട്ടികളില്‍ മാനസിക ഉന്മേഷം കാണുന്നുണ്ടെന്ന് പ്രധാനാധ്യാപകന്‍ കൃഷ്ണന്‍കുട്ടി പറഞ്ഞു.