അട്ടേങ്ങാനം: ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറി സ്‌കൂള്‍പറമ്പില്‍തന്നെ വിളയിച്ചെടുക്കാന്‍ കുട്ടികള്‍ തീരുമാനിച്ചപ്പോള്‍ രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും കൈകോര്‍ത്തു. ബേളൂര്‍ ഗവ. യു.പി. സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ് വിദ്യാഥികളാണ് ഗാന്ധിജയന്തി ആഘോഷത്തിന്റെഭാഗമായി തരിശിട്ട സ്‌കൂള്‍പറന്പില്‍ പച്ചക്കറിക്കൃഷി നടത്താന്‍ തീരുമാനമെടുത്തത്.
കുട്ടികളുടെ തീരുമാനം സമീപത്തെ കോടോം ബേളൂര്‍ കൃഷിഭവനില്‍ അറിയിച്ചപ്പോള്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ പൂര്‍ണ സഹകരണവും ലഭിച്ചു. സ്‌കൂള്‍വളപ്പില്‍ നിലമൊരുക്കലാണ് ബുധനാഴ്ച നടന്നത്. വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന കപ്പത്തണ്ടുകളും വാഴക്കന്നുകളും രക്ഷിതാക്കള്‍തന്നെ െവച്ചുപിടിപ്പിച്ചു. പച്ചക്കറിക്കൃഷിക്കുള്ള തടമൊരുക്കലും കാടുവെട്ടിതെളിക്കലും നടന്നു. സ്‌കൂള്‍പരിസരം വിദ്യാര്‍ഥികള്‍തന്നെ ശുചീകരിച്ചു.
കോടോം ബേളൂര്‍ കൃഷി അസിസ്റ്റന്റ് സി.ഡി.ദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. പ്രഥമാധ്യാപിക ലൗലി ജോസഫ് സീഡ് കോ ഓഡിനേറ്റര്‍ വി.എം.ഹരിപ്രിയ എന്നിവര്‍ സംസാരിച്ചു.