കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനത്തിന്റെ വിത്തുവിതക്കുകയെന്ന സന്ദേശവുമായി മാതൃഭൂമി സീഡ് വിദ്യാര്‍ഥികള്‍ കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ശാന്തിപര്‍വം എന്ന പേരില്‍ പ്രാവിന്റെ കൊളാഷ് നിര്‍മിച്ചു. അക്രമങ്ങള്‍ക്കെതിരെയുള്ള സന്ദേശങ്ങള്‍ കുറിച്ച കടലാസ് തുണ്ടുകള്‍ ചേര്‍ത്തുെവച്ചാണ് വിദ്യാര്‍ഥികള്‍ ശാന്തിയുടെ പ്രതീകമായ വെള്ളരിപ്രാവിന്റെ രൂപം നിര്‍മിച്ചത്.
തുഞ്ചത്താചാര്യ വിദ്യാലയം എടചൊവ്വ, ഉറുസിലൈന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പയ്യാമ്പലം, എച്ച്.ഐ.എസ്. സ്‌കൂള്‍ ആനയിടുക്ക്, അമൃത വിദ്യാലയം കക്കാട് എന്നിവിടങ്ങളിലെ 41 വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് പ്രാവിന്റെ കൊളാഷ് നിര്‍മിച്ചത്.
'സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കുക, ചോരവീണ മണ്ണിന് അല്പം കുളിരേകുക, കണ്ണൂരിന് കണ്ണീരല്ല; സമാധാനമാണ്' തുടങ്ങിയ സന്ദേശങ്ങളാണ് വിദ്യാര്‍ഥികള്‍ കടലാസ് തുണ്ടുകളില്‍ കുറിച്ചത്.
അമൃത വിദ്യാലയത്തിലെ കെ.ദേവിക സമാധാനസന്ദേശ കവിത അവതരിപ്പിച്ചു. തുടര്‍ന്ന് വിദ്യര്‍ഥികള്‍ സമാധാനസന്ദേശങ്ങള്‍ കുറിച്ച കടലാസ് വിമാനങ്ങള്‍ പറത്തി. പരിപാടിക്കുശേഷം കടലാസ് വിമാനങ്ങള്‍ വിദ്യാര്‍ഥികള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്തു.
സീഡ് കോ ഓര്‍ഡിനേറ്റര്‍മാരായ എ.കെ.ജീന വാമനന്‍, സീമ പ്രശാന്ത്, മായ പ്രഭാകരന്‍, പി.സഫ്രീന ബഷീര്‍, അധ്യാപികമാരായ സിബി ജോര്‍ജ്, കെ.കെ.ഷീജ, എം.സ്വര്‍ണലത ബാലന്‍, പി.വി.സ്മിജ എന്നിവര്‍ നേതൃത്വംനല്കി.