ആവശ്യകത കൂടിവരുമ്പോഴും അതിനനുസരിച്ചുള്ള നെല്ലോ പച്ചക്കറിയോ കൃഷിചെയ്യാത്ത സംസ്ഥാനമാണ് കേരളം. വിലത്തകര്‍ച്ചയും ജോലിക്ക് ആളെക്കിട്ടാത്തതും കൂലിക്കൂടുതലുമുള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ കൃഷി അനാദായകരമായിത്തീര്‍ന്നിരിക്കുന്നു എന്നതാണ് വാസ്തവം. തെങ്ങിന്റെയും റബ്ബറിന്റെയും നാണ്യവിളകളുടെയും കാര്യത്തിലും അവസ്ഥ ഇതാണ്. ലാഭകരമായ തൊഴിലായി സ്വീകരിക്കാന്‍ വയ്യാത്ത സാഹചര്യത്തിനുപുറമേ വര്‍ധിച്ചുവരുന്ന ഉപഭോഗസംസ്‌കാരവും പുതിയ തലമുറയെയും കൃഷിയില്‍നിന്നകറ്റുന്നു.
അതിജീവനത്തിന്റെ മാര്‍ഗമായ കൃഷിയില്‍നിന്ന് മുഖംതിരിച്ചുനില്‍ക്കുന്ന ജനതയായി മലയാളി അതിവേഗം പരിണമിക്കുമ്പോഴും നമ്മുടെ വിദ്യാലയങ്ങളില്‍നിന്ന് ശുഭസന്ദേശങ്ങളാണുയരുന്നത്. അടുത്തകാലത്തായി വിദ്യാലയങ്ങളിലുണ്ടായിട്ടുള്ള ഏറ്റവും വലിയ മുന്നേറ്റം കൃഷിയിലാണ്. പ്രൈമറി മുതല്‍ ഹൈസ്‌കൂള്‍വരെയുള്ള വിദ്യാലയങ്ങളിലെ കുട്ടികള്‍ പഠനേതരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തങ്ങളുടെ വിദ്യാലയപരിസരങ്ങളില്‍ മാത്രമല്ല, പാടങ്ങളിലും കൃഷിചെയ്യുന്നതിന്റെ വാര്‍ത്തകള്‍ ആഹ്‌ളാദകരമാണ്. പച്ചക്കറികള്‍ വിളയിച്ചും വാഴയും നെല്ലും കൃഷിചെയ്തും പാടവും പാഠശാലയും തമ്മില്‍ അകലമില്ലെന്ന് അവര്‍ തെളിയിക്കുന്നു. മാതൃഭൂമിയുടെ 'സീഡും' നാളികേരവികസന ബോര്‍ഡും ചേര്‍ന്ന് വിദ്യാലയങ്ങളില്‍ പ്രാവര്‍ത്തികമാക്കിയ 'എന്റെ തെങ്ങ്' പദ്ധതിയും സമാനമായ മറ്റനേകം പ്രവര്‍ത്തനങ്ങളും കാര്‍ഷികവൃത്തി ശ്രേഷ്ഠമാണെന്ന ബോധം കുട്ടികളില്‍ സൃഷ്ടിച്ചിട്ടുമുണ്ട്. വൃക്ഷത്തൈകള്‍ നട്ടും കണ്ടല്‍ക്കാടുകള്‍ സംരക്ഷിച്ചും പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങളിലും സ്‌കൂള്‍വിദ്യാര്‍ഥികള്‍ പങ്കുവഹിക്കുന്നു. അണ്ണാര്‍ക്കണ്ണനും തന്നാലായത് എന്നമട്ടില്‍ തങ്ങളുടെ കുഞ്ഞുവിരലുകള്‍കൊണ്ട് അവര്‍ രചിക്കുന്നത് 'മണ്ണിലിറങ്ങല്‍ മഹത്ത്വമാണ്' എന്ന പാഠമാണ്. അവരെ ആവഴിക്ക് നയിക്കുന്ന അധ്യാപകര്‍ തങ്ങളുടെ ഗുരുധര്‍മത്തിന്റെ ഗുരുത്വം കൂട്ടുകയുംചെയ്യുന്നു.
കൃഷിചെയ്യാനാവശ്യമായ സ്ഥലമുണ്ടെങ്കില്‍ വിദ്യാലയങ്ങളിലെ കാര്‍ഷികപദ്ധതികള്‍ക്ക് കൃഷിവകുപ്പില്‍നിന്ന് സഹായം കിട്ടും. എന്നാല്‍, ആ അവസരം മിക്ക വിദ്യാലയങ്ങളും ഉപയോഗിക്കാറില്ല. എന്നിട്ടും പരിമിതികള്‍ക്കുള്ളില്‍നിന്ന് പല വിദ്യാലയങ്ങളും കൃഷിവിജയത്തിന്റെ ഹരിതഗാഥകള്‍ രചിച്ചു. സീഡ് പദ്ധതിയില്‍ പങ്കാളികളായ കുട്ടികള്‍ 2013'14 വര്‍ഷത്തില്‍ മാത്രം 23,982 കിലോഗ്രാം നെല്ലും 43,671 കിലോഗ്രാം പഴങ്ങളും 99,416 കിലോഗ്രാം പച്ചക്കറികളും വിളയിച്ചു. ഇത്രയേറെ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടും കൃഷിചെയ്യുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസവകുപ്പിന്റെ പ്രോത്സാഹനം വേണ്ടത്ര കിട്ടുന്നുണ്ടെന്ന് തോന്നുന്നില്ല. വേണ്ടതിനും വേണ്ടാത്തതിനും ഗ്രേസ്മാര്‍ക്ക് കൊടുക്കുന്ന കേരളത്തില്‍ കൃഷിചെയ്യുകയോ പരിസ്ഥിതിസംരക്ഷണത്തിലേര്‍പ്പെടുകയോ ചെയ്യുന്ന സ്‌കൂള്‍വിദ്യാര്‍ഥിക്ക് അതൊന്നും ലഭിക്കുകയില്ല. ശാസ്ത്ര, പ്രവൃത്തിപരിചയ മേളകളില്‍ പറയത്തക്ക പ്രാധാന്യമൊന്നും കൃഷിക്ക് നല്‍കിയിട്ടില്ല. കാര്‍ഷിക പ്രോജക്ടുകള്‍ക്ക് ശാസ്ത്ര, പ്രവൃത്തിപരിചയ മേളകളില്‍ പ്രാതിനിധ്യം നല്‍കേണ്ടതാണ്. നൂതന കൃഷിരീതികള്‍, പരമ്പരാഗതവിത്തിനങ്ങളുടെ പ്രദര്‍ശനം, വിളവൈവിധ്യങ്ങളുടെ പ്രദര്‍ശനം, ജൈവകീടനാശിനിനിര്‍മാണം, പ്രാദേശിക കാര്‍ഷികചരിത്രരചന, കുട്ടികളുടെ കാര്‍ഷിക കണ്ടുപിടിത്തങ്ങള്‍ തുടങ്ങിയവയെല്ലാം അതിലുള്‍പ്പെടുത്താവുന്നതാണ്. വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്കും നല്‍കണം. കൃഷിയില്‍ തത്പരരായ കുട്ടികള്‍ പിന്നീടും അതില്‍നിന്ന് അകന്നുപോകാതിരിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍കൊണ്ടേ കഴിയൂ. ഗ്രേസ്മാര്‍ക്കോ മറ്റേതെങ്കിലും ആനുകൂല്യമോ സഹായമോ പ്രതീക്ഷിക്കാതെ സഹജമായ ഉത്സാഹവും അധ്യാപകരുടെ നേതൃത്വവുംകൊണ്ടാണ് നമ്മുടെ കുട്ടികള്‍ വിദ്യാലയങ്ങളില്‍, മുതിര്‍ന്നവര്‍ ഉപേക്ഷിച്ച കൃഷിയെ പച്ചയണിയിച്ചെടുക്കുന്നത്. ആ ചെറുകൈകള്‍ കൂടുതല്‍ ശക്തമാകാന്‍ സഹായിക്കേണ്ടത് ഭരണകര്‍ത്താക്കളുടെ കടമയാണ്. അങ്ങനെചെയ്യുമ്പോള്‍ അത് മണ്ണിേനാടും കൃഷിയോടുമുള്ള കടമ നിറവേറ്റല്‍കൂടിയായിത്തീരും.