അഗളി: സ്‌കൂള്‍ പഠനയാത്രകള്‍ക്ക് ഒരു മാതൃകയാവുകയാണ് അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍. സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ 'പശ്ചിമഘട്ടത്തിലൂടെ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തെ സൈലന്റ്വാലി സന്ദര്‍ശനത്തിനെത്തിയ തിരൂര്‍ ജി.എം.യു.പി.എസ്സിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അട്ടപ്പാടിയുടെ പച്ചപ്പിലേക്ക് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വരവേല്പ് നല്‍കി. തുടര്‍ന്നുള്ള യാത്രയ്ക്ക് അവര്‍ വഴികാട്ടികളാവുകയും ചെയ്തു.
അതിഥികളായ സമപ്രായക്കാര്‍ക്കുവേണ്ടി സൈലന്റ് വാലിയുടെ പാരിസ്ഥിതികപ്രാധാന്യത്തെക്കുറിച്ചും അട്ടപ്പാടിയിലെ ഗോത്രവര്‍ഗജീവിതരീതികളെക്കുറിച്ചും സ്‌കൂളിലെ സീഡ് റിപ്പോര്‍ട്ടര്‍ കവിത സംസാരിച്ചു. പരിസ്ഥിതിപ്രവര്‍ത്തകയായ സിന്ധു സാജന്‍ ക്ലാസെടുത്തു.
എം.ആര്‍.എസ്. പ്രധാനാധ്യാപകന്‍ അബ്ദുള്‍ മജീദ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജ്യോതി, സുമേഷ്, സുരേഷ്, ക്ലബ്ബംഗം മറീന എന്നിവരും തിരൂര്‍ ജി.എം.യു.പി.എസ്സിലെ അധ്യാപകരായ കുഞ്ഞാലന്‍കുട്ടി, ഉണ്ണിക്കൃഷ്ണന്‍ എന്നിവരും പഠനയാത്രയ്ക്ക് നേതൃത്വം നല്‍കി.