ഒറ്റപ്പാലം: പിറന്നാളിന് മിഠായിവാങ്ങുന്ന പൈസ മാറ്റിവെച്ച് സഹപാഠിയുടെ തകര്‍ന്ന വീടിന് മേല്‍ക്കൂര നിര്‍മിക്കാന്‍ കൂട്ടുകാര്‍ കൈകോര്‍ത്തു. കടമ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മാതൃകാപരമായ പ്രവൃത്തിയുടെ ഉടമകള്‍. സ്‌കൂളിലെ വിദ്യാര്‍ഥി ദിലീപിന്റെ തകര്‍ന്നുവീണ വീടിന്റെ മേല്‍ക്കൂര നിര്‍മിക്കാനാണ് വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്.
സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച പിറന്നാള്‍ദിനത്തില്‍ മിഠായി വാങ്ങാനുള്ള തുക സംഭരിക്കുക എന്ന പദ്ധതിയിലൂടെയാണ് പണം കണ്ടെത്തിയത്. സീഡ് കാരുണ്യനിധിയില്‍നിന്നുള്ള തുകയും അധ്യാപകരില്‍നിന്ന് ശേഖരിച്ച തുകയും ഇതിനായി ഉപയോഗിച്ചു.
പി.ടി.എ. പ്രസിഡന്റ് എം. മുരളീധരന്‍, ദിലീപിന്റെ അമ്മ വിജയലക്ഷ്മിക്ക് തുക കൈമാറി. പ്രധാനാധ്യാപകന്‍ കെ. രാമന്‍കുട്ടി, പി. ഗിരിജ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.ടി. ബൈജു, കെ. സതീഷ്‌കുമാര്‍, കെ. അനൂപ്, കെ. അജീഷ്, സി. ശ്രീകാന്ത്, എം. നിധിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.