കൊടകര: രോഗികളെ ചികിത്സിക്കാന്‍ വേണ്ടി കോടികള്‍ മുടക്കി ആസ്പത്രികള്‍ നിര്‍മ്മിക്കുമ്പോള്‍ രോഗം വരാതെനോക്കാനുള്ള ബോധവല്‍ക്കരണത്തിന് സര്‍ക്കാരുള്‍പ്പടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് നടന്‍ ശ്രീനിവാസന്‍ പറഞ്ഞു. ചെമ്പുച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ജൈവ നെല്‍കൃഷി കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാന്‍സര്‍ ഉള്‍പ്പടെയുള്ള അനേകം രോഗങ്ങള്‍ കേരളത്തിലെ ഭൂരിഭാഗം ജനതയെയും ബാധിക്കുവാന്‍ പ്രധാന കാരണം കീടനാശിനിയും രാസപദാര്‍ഥങ്ങളും കലര്‍ന്ന ഭക്ഷണം കഴിക്കുന്നതാണ്. രാസകീടനാശിനിയും വളവും പ്രയോഗിച്ചുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ വെടിഞ്ഞ് ജൈവകൃഷിയിലൂടെയുള്ള ഉത്പാദനം വ്യാപകമാക്കിയാലേ രോഗങ്ങളില്‍നിന്ന് മോചനമുണ്ടാകൂ എന്നും ശ്രീനിവാസന്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കൊപ്പം പാടത്തിറങ്ങിയാണ് ശ്രീനിവാസന്‍ കൊയ്ത്ത് ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്തംഗം കല്ലൂര്‍ ബാബു അധ്യക്ഷനായി. കൃഷിചെയ്യാന്‍ സൗജന്യമായി നിലം വിട്ടുനല്‍കിയ മുതിര്‍ന്ന കര്‍ഷകനായ അണലിപ്പറമ്പില്‍ ശിവരാമന്‍ മറ്റത്തൂരിനെ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ ആദരിച്ചു. ടിബിന്‍ പാറയ്ക്കലിന് വിദ്യാര്‍ത്ഥികള്‍ ഉപഹാരം നല്‍കി. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. സുഭാഷ്, വാര്‍ഡ് അംഗം പ്രേമാവതി ബാബു, പ്രിന്‍സിപ്പല്‍ ടി.വി. ഗോപി, പ്രധാനാധ്യാപകന്‍ എന്‍.ഡി. സുരേഷ്, അദ്ധ്യാപകന്‍ എ.ടി. ജോസ്, പി.ടി.എ. പ്രസിഡന്റ് പി. ശിവശങ്കരന്‍, വി.കെ. ഭാസ്‌കരന്‍, എം.കെ. പാര്‍ഥിപന്‍ എന്നിവര്‍ സംസാരിച്ചു. സീറോ ബജറ്റ് ജൈവകൃഷിരീതിയിലൂടെ തുടര്‍ച്ചയായി മൂന്നാം തവണയാണ് ചെമ്പുച്ചിറ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നെല്‍കൃഷി ചെയ്തത്.