ആനക്കര: മണ്ണിനെ പൊന്നണിയിക്കുന്ന കൃഷിപാഠം പഠിച്ചും കര്‍ഷകര്‍ക്ക് തുണയായും ആനക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പുതിയ കര്‍മപാഠം. ആനക്കര പാടശേഖരത്തിലെ ഒന്നരയേക്കറോളം വരുന്ന നെല്പാടമാണ് ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ഞായറാഴ്ച ഉച്ചയ്ക്കുമുമ്പ് നട്ടുകയറിയത്.
സീഡ് എന്‍.എസ്.എസ്. യൂണിറ്റിലെ അമ്പതോളം കുട്ടികളാണ് രാവിലെ പത്തിന് പാടശേഖരസമിതി ഭാരവാഹികളായ മരക്കാറിന്റെയും വിജയകുമാറിന്റെയും നേതൃത്വത്തില്‍ പാടത്തിറങ്ങിയത്. പൂട്ടി ചേലാക്കി ജൈവവളംവിതറിയ പാടത്ത് മുട്ടോളം ചളിയിലിറങ്ങിയായിരുന്നു കുട്ടികള്‍ നടീലിന്റെ ആദ്യപാഠം പഠിച്ചത്.
ഞാറ്റുമുടിയെപ്പറ്റിയും ഞാറുനടേണ്ട അകലത്തെപ്പറ്റിയും കുട്ടികള്‍ക്ക് തൊഴിലാളി സ്ത്രീകള്‍ പറഞ്ഞുകൊടുത്തു. കുട്ടികള്‍ക്ക് ഞാറ്റുമുടികള്‍ കൈമാറി വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് എം.പി.സതീഷ്, എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ടി.സുരേഷ് ബാബു തുടങ്ങിയവര്‍ നേതൃത്വംനല്‍കി.