മൈ ട്രീ ചലഞ്ച് പദ്ധതി അരൂര്‍ മണ്ഡലത്തില്‍
അരൂര്‍: ഇനിയും മരിക്കാത്ത ഭൂമിയുടെ പുത്തന്‍ വീണ്ടെടുപ്പിനായി കവികളും കലാകാരന്മാരും ജനനേതാക്കളും നാട്ടുമാമ്പുഴച്ചുവട്ടില്‍ കവിത ചൊല്ലിയും ഗാനമാലപിച്ചും പുതു കൂട്ടായ്മയൊരുക്കി.
അരൂര്‍ മണ്ഡലത്തില്‍ 'മൈ ട്രീ ചലഞ്ച്' എന്ന പദ്ധതിയുടെ തുടക്കം കുറിക്കാന്‍ അഡ്വ. എ.എം. ആരിഫിന്റെ നേതൃത്വത്തില്‍ അരൂര്‍ ഗവ. സ്‌കൂള്‍ വളപ്പിലാണ് കൂട്ടായ്മയൊരുങ്ങിയത്.
മണ്ണും മനുഷ്യനും മരങ്ങളും ചരാചരങ്ങളും ചേര്‍ന്ന ഭൂമിയുടെ വീണ്ടെടുപ്പിനായി നടന്‍ മമ്മൂട്ടി ആവിഷ്‌കരിച്ച പദ്ധതിയാണ് അരൂര്‍ മണ്ഡലം ഏറ്റെടുത്തത്.
നാട്ടുമാഞ്ചുവട്ടില്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ കവിത ചൊല്ലി പദ്ധതിക്ക് തുടക്കം കുറിച്ചു.
കാവ്യാലാപനത്തോടൊപ്പം ധാരാളം വൃക്ഷത്തൈകള്‍ സ്‌കൂള്‍ വളപ്പില്‍ നട്ടുപിടിപ്പിച്ചു.രാജീവ് ആലുങ്കല്‍, ഡോ. പള്ളിപ്പുറം മുരളി, ചന്തിരൂര്‍ ദിവാകരന്‍, ബിജു അരൂക്കുറ്റി, പൂച്ചാക്കല്‍ ഷാഹുല്‍, അരൂക്കുറ്റി ബാബു, പിന്നണി ഗായിക ദലീമ എന്നിവരും മറ്റു കലാകാരന്മാരുമടങ്ങിയ സംഘം സര്‍ഗാത്മകമായ സംവാദങ്ങളിലൂടെയും കലാവിഷ്‌കാരങ്ങളിലൂടെയും പ്രകൃതിയെ ഹരിതാഭമാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി.
ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ. ഉമേശന്‍, പഞ്ചായത്ത് പ്രസിഡന്റ് കെ. പുഷ്പന്‍, വൈസ് പ്രസിഡന്റ് ടി.ആര്‍. തിലകമ്മ, അരൂര്‍ ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ എന്നിവരും വീണ പ്രസാദ്, പ്രസാദ് കണ്ണന്‍ എന്നിവരും ഇതോടൊപ്പം ചേര്‍ന്നതോടെ 'മൈ ട്രീ ചലഞ്ച്' പദ്ധതി അര്‍ത്ഥവത്തായി.
അഡ്വ. എ.എം. ആരിഫ് പരിപാടിക്ക് നേതൃത്വം നല്‍കി.
മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരും പ്രഥമാധ്യാപകരും പദ്ധതിയുടെ ആശയം തിരിച്ചറിഞ്ഞ് ഈ വെല്ലുവിളി ഏറ്റെടുക്കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു.