ചടയമംഗലം: ചടയമംഗലം ഗവ. എം.ജി.എച്ച്.എസ്.എസ്സിലെ സീഡ് പ്രവര്‍ത്തനോദ്ഘാടനം പരിപാടികളിലെ വൈവിധ്യവും വിദ്യാര്‍ഥി-രക്ഷാകര്‍ത്തൃ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.
ചടയമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍.രമാഭായി അമ്മ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വടക്കതില്‍ നാസര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ പേപ്പര്‍ബാഗ് നിര്‍മാണ യൂണിറ്റ് സോയില്‍ കണ്‍സര്‍വേറ്റീവ് ഓഫീസര്‍ അര്‍ച്ചന സത്യന്‍ ഉദ്ഘാടനം ചെയ്തു.
മാതൃഭൂമി സീഡ് റവന്യൂ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.കെ.പ്രകാശ് പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ പി.ഷാജി, മാതൃഭൂമി ലേഖകന്‍ ബി.സുരേന്ദ്രന്‍, സോയില്‍ കണ്‍സര്‍വേറ്റര്‍ ഓഫീസര്‍ പ്രകാശ്, സോളമന്‍ എം., പി.ടി.എ. പ്രസിഡന്റ് ഷീജ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ മോഹനലാല്‍ സ്വാഗതവും ഹയര്‍സെക്കന്‍ഡറി അധ്യാപകന്‍ പ്രമോദ് നന്ദിയും പറഞ്ഞു.
ആഡംബരത്തിനുവേണ്ടി വൃക്ഷങ്ങള്‍ വെട്ടിമുറിക്കുന്ന രാജാവിന് കുട്ടികളിലൂടെ തന്റെ തെറ്റ് മനസ്സിലാകുകയും കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ലഘുനാടകം സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി. പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രതിജ്ഞ, ഓരോ മരവും അമൂല്യമാണെന്ന സന്ദേശം നല്‍കുന്ന സ്‌കിറ്റ്, പരിസ്ഥിതി ഗാനം, കവിതാലാപനം തുടങ്ങിയവ സീഡ് പ്രവര്‍ത്തനോദ്ഘാടനത്തെ ശ്രദ്ധേയമാക്കി.
മണ്ണും വെള്ളവും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസ്ഥാന നീര്‍മറി പരിശീലനകേന്ദ്രം നടത്തിയ പഠനക്ലാസും വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനം പകര്‍ന്നു. സ്‌കൂള്‍ വളപ്പില്‍ വൃക്ഷത്തൈ നടുകയും ചെയ്തു.