മഴയുടെ വര്‍ണക്കാഴ്ചകള്‍ കാന്‍വാസിലാക്കി കുട്ടികള്‍

Posted By : Seed SPOC, Alappuzha On 25th July 2013


 

ഹരിപ്പാട്: തിമിര്‍ത്തുപെയ്യുന്ന മഴയുടെ കാഴ്ചകള്‍ കുട്ടികള്‍ കാന്‍വാസിലാക്കി. വര്‍ണക്കൂട്ടുകളാല്‍ മോടിപിടിപ്പിച്ചവയും പെന്‍സില്‍ വരകളില്‍ തെളിഞ്ഞവയുമെല്ലാം കാന്‍വാസില്‍ നിറഞ്ഞു. ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് മഴക്കാഴ്ച വിഷയമാക്കി ചിത്രരചനാ മത്സരം നടന്നത്.
 ഗ്രാമങ്ങളിലെ മഴയുടെ ഭംഗിയാണ് കൂടുതല്‍ പേരും വരച്ചത്. മഴയില്‍ തിമിര്‍ത്ത് കളിക്കുന്ന ബാല്യവും വരണ്ട ഭൂമിക്ക് മഴ ജീവനാകുന്നതും വരകളില്‍ തെളിഞ്ഞു. വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങള്‍ വരച്ചവരും കുറവല്ല.മഴയുമായി ബന്ധപ്പെട്ട് നിരവധി പഠന പ്രോജക്ടുകളാണ് സ്കൂളിലെ "മാതൃഭൂമി' സീഡ് ക്ലബ്ബും സയന്‍സ് ക്ലബ്ബും ചേര്‍ന്ന് തയ്യാറാക്കുന്നത്. ഓരോ ദിവസവും പെയ്യുന്ന മഴയുടെ അളവ് രേഖപ്പെടുത്തുന്ന മഴക്കലണ്ടറാണ് ഇതില്‍ പ്രധാനപ്പെട്ടത്. കുട്ടികള്‍ വീട്ടില്‍ മഴമാപിനിവച്ചാണ് കണക്കെടുപ്പ്.മഴക്കാലത്ത് മാത്രം വളരുന്ന ചെടികള്‍, മഴയില്‍ പൂവിട്ട് നില്‍ക്കുന്ന ചെടികള്‍ തുടങ്ങി നിരവധി വിവരങ്ങളാണ് ഇവര്‍ ശേഖരിക്കുന്നത്.
മഴക്കാഴ്ചയുടെ ചിത്രരചനാ മത്സരവിജയികള്‍ (ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍): യു.പി.വിഭാഗം: ഉത്രജ, ജി.അര്‍ച്ചന, എസ്.ഷാഫിയ. 
ഹൈസ്കൂള്‍: സാന്ദ്ര സത്യരാജ്, റുബീന ഷാജി, വി. നന്ദന.
ഹയര്‍ സെക്കന്‍ഡറി: എസ്.ശ്രുതി, സിത്താര സന്തോഷ്. 
ഹെഡ്മാസ്റ്റര്‍ അരവിന്ദാക്ഷന്‍പിള്ള, അധ്യാപകരായ രവിപ്രസാദ്, വി.എസ്.റഷീദാബീഗം, ഡി.ഷൈനി എന്നിവര്‍ നേതൃത്വം നല്‍കി.
 

Print this news