കാര്‍മല്‍ജ്യോതിയിലെ കുട്ടികള്‍ക്ക് മേരിച്ചേച്ചിയുടെ സമ്മാനം ഒന്നേകാല്‍ ഏക്കര്‍ സ്ഥലം മാതൃഭൂമി സീഡ് പ്രചോദനമായി

Posted By : idkadmin On 25th September 2014


തൊടുപുഴ: ഭിന്നശേഷിയുള്ള കുട്ടികളോടൊപ്പം ഒരുദിവസം ചെലവഴിക്കാന്‍ എത്തിയ റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥ, അവര്‍ക്ക് സൗജന്യമായി നല്‍കിയത് ഒന്നേകാല്‍ കോടിയിലേറെ വിലയുള്ള സ്ഥലവും വീടും. മാങ്കുളത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രക്കിടയിലാണ് എറണാകുളം കടവന്ത്ര സ്വദേശി മേരി ജോസഫ് അടിമാലി കാര്‍മല്‍ ജ്യോതി സ്‌പെഷല്‍ സ്‌കൂളില്‍ എത്തിയത്. വീട്ടില്‍ എത്തിയ അതിഥിയെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജിയും കുട്ടികളുംചേര്‍ന്ന് സ്വീകരിച്ചു.

മേരി ജോസഫ് പോകാന്‍ നേരം കുട്ടികള്‍ക്ക് ഒരു സമ്മാനംനല്‍കി. അടിമാലിയില്‍നിന്ന് എട്ടുകിലോമീറ്റര്‍ മാത്രം അകലെ ആനവിരട്ടിയില്‍ തനിക്ക് സ്വന്തമായുള്ള ഒരു ഏക്കര്‍ 27 സെന്റ് സ്ഥലവും ഓടിട്ട വീടും. സെന്റിന് എഴുപത്തയ്യായിരവും ഒരു ലക്ഷവും ഒക്കെയാണ് ഇവിടെ സ്ഥലത്തിന്റെ ഏകദേശ വില. കര്‍മ്മലീത്താ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ 1993ലാണ് ഭിന്നശേഷിയുള്ള കുട്ടികളുടെ സംരക്ഷണത്തിനായി കാര്‍മല്‍ ജ്യോതി സ്‌പെഷല്‍ സ്‌കൂള്‍ ആരംഭിച്ചത്. 140 കുട്ടികള്‍ ഇവിടെ ഉണ്ട്. സൗജന്യമാണ് താമസവും പഠനവും.
 

മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പച്ചക്കറികൃഷി ചെയ്യുന്നുണ്ട്. ആന്തൂറിയം കൃഷി, കോഴി, പന്നി ഫാമുകളും ഇവിടെ ഉണ്ട്. ജോലിക്കാരോെടാപ്പം വിദ്യാര്‍ഥികളും കൃഷിയിടങ്ങളില്‍ പണിയെടുക്കും. മൂന്നര ഏക്കര്‍ പാട്ടത്തിെനടുത്ത് വാഴയും കപ്പയും കൃഷിചെയ്യുന്നുണ്ട്. പുതുതായി ലഭിച്ച സ്ഥലത്തും കുട്ടിക്കൂട്ടം കൃഷിപ്പണികള്‍ തുടങ്ങിക്കഴിഞ്ഞു. വീടിന്റെ അന്തരീക്ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് താമസിച്ചുപഠിക്കാനുള്ള പദ്ധതിക്കും ഇവിടെ തുടക്കമായി. 40 ആണ്‍കുട്ടികള്‍ക്കായി എല്ലാവിധ സൗകര്യവും ഉള്ള വീട് പണിയാനാണ് സ്‌കൂള്‍മാനേജ്‌മെന്റിന്റെ തീരുമാനം. മാതൃഭൂമി സീഡ് തിരഞ്ഞെടുത്ത മികച്ച ഹരിതവിദ്യാലയങ്ങളില്‍ ഒന്നാണ് കാര്‍മല്‍ജ്യോതി സ്‌പെഷല്‍ സ്‌കൂള്‍.

തനിക്ക് ഉള്ളതെല്ലാം വൈഷമ്യങ്ങള്‍ നേരിടുന്ന കുരുന്നുകള്‍ക്ക് നല്‍കിയതിന്റെ ചാരിതാര്‍ഥ്യത്തില്‍ എറണാകുളത്ത് പ്രായമായവരെ സംരക്ഷിക്കുന്ന ഒരു സ്ഥാപനത്തില്‍ കഴിയുകയാണ് മേരി ജോസഫ്. ചെറിയ സഹായങ്ങള്‍ക്കുപോലും വലിയ പ്രചാരം ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ സ്വന്തം മേല്‍വിലാസംപോലും വെളിപ്പെടുത്താതെ എളിമയുടെയും കാരുണ്യത്തിന്റെയും മാതൃക ആവുകയാണ് അവിവാഹിതയായ ഈ അറുപത്തേഴുകാരി.
 

Print this news