അടൂര്‍: നെല്‍വയലും നെല്‍കൃഷിയും അന്യമാകുന്ന നാട്ടില്‍ പഠനത്തിന്റെ തിരക്കിനൊപ്പം ചെയ്ത കരനെല്‍കൃഷിയുടെ വിളവെടുപ്പിന് ഒരുങ്ങുകയാണ് പന്നിവിഴ ടി.കെ.എം. വി.യു.പി.സ്‌കൂളിലെ കുട്ടികളും അധ്യാപകരും. സ്‌കൂളിന് മുന്നിലുള്ള സ്ഥലത്തായിട്ടാണ് നെല്‍കൃഷിയുടെ മഹത്വം കുട്ടികള്‍ക്ക് മനസ്സിലാക്കികൊടുക്കുന്നതിനായി സ്‌കൂളില്‍ കരനെല്‍കൃഷി മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആരംഭിച്ചത്. ഇവിടെ നെല്‍കൃഷിക്കായി സ്ഥലം ഒരുക്കിയതും വിത്തെറിഞ്ഞതും കളപറിച്ചതുമെല്ലാം കുട്ടികള്‍ തന്നെയായിരുന്നു. നെല്‍കൃഷിയും നെല്‍വയലുകളും പാഠപുസ്തകങ്ങളില്‍ ഉണ്ടെങ്കിലും പുതുതലമുറയിലെ കുട്ടികള്‍ക്ക് ഇതിന്റെ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ക്ക് മുമ്പില്‍ നെല്‍വയലുകളില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ബിസിനസ്സ് സമുച്ചയങ്ങളുമാണ് കാണാന്‍ സാധിക്കുന്നത്. കാളയും കലപ്പയും ചേറ്റുനിലങ്ങളും പൊയ്ക്കാല ഓര്‍മ്മകളായെങ്കിലും നെല്‍കൃഷി ഇന്ന് ആധുനിക രീതിയില്‍ തിരികെ വന്നുകൊണ്ടിരിക്കുകയാണ്. വയലുകളില്‍ കൊയ്ത്തുപാട്ടിന്റെ ഈണത്തില്‍ ഒരു ആഘോഷമായി നടത്തിയിരുന്ന വിളവിറക്കും, വിളവെടുപ്പും കുട്ടികളുടെ മനസ്സിലേക്ക് എത്തിക്കാനാണ് സ്‌കൂളില്‍തന്നെ പച്ചക്കറി കൃഷികള്‍ക്ക് ഒപ്പം കരനെല്‍കൃഷിയും ആരംഭിച്ചത്. മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടി.കെ.ശ്രീജിത്ത്, ഹെഡ്മിസ്ട്രസ് ഷേര്‍ളി എന്നിവരുടെ നേതൃത്വത്തിലാണ് ഈ കരനെല്‍കൃഷി നടത്തിയത്. ഇതിന്റെ കൊയ്ത്തുത്സവവും ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സ്‌കൂള്‍ അധികൃതര്‍. 25ന് 2 മണിക്ക് നഗരസഭാ ചെയര്‍മാന്‍ ഉമ്മന്‍തോമസ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യും.