തൃശ്ശൂര്‍: ആഗോളതലത്തില്‍ ശ്രദ്ധേയമായ വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് ആന്‍ഡ് ന്യൂസ് പബ്ലിഷേഴ്‌സിന്റെ (വാന്‍ ഇഫ്ര) ഗോ ഗ്രീന്‍-ടോപ്പ് അവാര്‍ഡ് നേടിയ മാതൃഭൂമി സീഡിന് ഔഷധിയുടെ ഉപഹാരം. ചൊവ്വാഴ്ച തൃശ്ശൂരില്‍ നടന്ന സീഡ് ശില്പശാലയില്‍ വെച്ച് ഔഷധി ചെയര്‍മാന്‍ ജോണി നെല്ലൂരില്‍ നിന്ന് മാതൃഭൂമി തൃശ്ശൂര്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ഇ. സലാഹുദ്ദീന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
ഔഷധസസ്യങ്ങളും പ്രഥമശുശ്രൂഷയും എന്ന വിഷയത്തെക്കുറിച്ച് മാതൃഭൂമി സീഡ് സംഘടിപ്പിച്ച ശില്പശാല, ഔഷധി, സംസ്ഥാന മെഡിസിനല്‍ പ്ലൂന്റ് ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് നടന്നത്. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടകനായ സെമിനാറില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത ജോണി നെല്ലൂരാണ് സീഡിന് ലഭിച്ച അന്താരാഷ്ട്ര ബഹുമതിയില്‍ അഭിമാനിക്കുന്നുവെന്നും അതിന് ഔഷധിയുടെ ആദരവായി ഉപഹാരം സമ്മാനിക്കുന്നുവെന്നും പ്രഖ്യാപിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍, ചലച്ചിത്രനടന്‍ ജയരാജ് വാര്യര്‍, ഔഷധി സൂപ്രണ്ട് ഡോ. കെ.എസ്. രജിതന്‍, മെഡിസിനല്‍ പ്ലൂന്റ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ജി. ശ്രീകുമാര്‍, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ മാനേജര്‍ കെ.പി. അമൃതനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.