കൂട്ടക്കനി: അരിവാളുമായി കുട്ടികള് കന്നിക്കൊയ്ത്തിന് എത്തിയപ്പോള് കൂട്ടക്കനിയില് വിളഞ്ഞത് നൂറുമേനി. കൂട്ടക്കനി ഗവ. യു.പി. സ്‌കൂളിലെ സീഡ് വിദ്യാര്ഥികളാണ് എട്ടുപറ നെല്ല് കൊയ്തത്. പി.ടി.എ.യുടെയും നാട്ടിലെ കര്ഷകരുടെയും പങ്കാളിത്തത്തോടെ കഴിഞ്ഞ ജൂണ്മാസത്തിലാണ് ഇരുപത്തിയഞ്ച് സെന്റ് സ്ഥലത്ത് നെല്ക്കൃഷി ഇറക്കിയത്.
ഉമ എന്ന വിത്തിനമാണ് ഉപയോഗിച്ചത്. നിലം ഒരുക്കാനും കൃഷിപരിപാലനത്തിനും മുതിര്ന്നവരുടെ നിര്‌ദേശത്തില് കുട്ടികള് മുന്നിട്ടിറങ്ങി. വളമിടുന്നതിനും കള പറിക്കുന്നതിനും സീഡ് കുട്ടികള് ആവേശത്തോടെ വയലിലിലെത്തി. മൂന്നുമാസത്തിനുശേഷം എട്ടുപറനെല്ലാണ് ഇവര് കൊയ്‌തെടുത്തത്.
കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം പള്ളിക്കര കൃഷി ഓഫീസര് വേണുഗോപാല് നിര്വഹിച്ചു. പള്ളിക്കര പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.ജയകൃഷ്ണന് മുഖ്യതിഥിയായി. പി.ടി.എ. പ്രസിഡന്റ് കെ.വി.ഭാസ്‌കരന്, സൗമിനി മണക്കാട്ട്, എ.പവിത്രന്, കെ.ടി.രാജ്കുമാര്, പുരുഷോത്തമന്, എം.രാമകൃഷ്ണന്, വിശ്വംഭരന്, മനോജ്, രാജേഷ് കൂട്ടക്കനി, സി.ദിലീപ് എന്നിവര് സംസാരിച്ചു.