കൈനിറയെ സമ്മാനവും മനസ്സുനിറയെ സ്‌നേഹവുമായി സീഡ് ക്ലബ്ബിന്റെ ഓണാഘോഷം

Posted By : ptaadmin On 15th September 2014


ആറന്മുള: കൈനിറയെ ഓണസമ്മാനങ്ങളും മനസ്സുനിറയെ സ്‌നേഹവുമായി ശബരിബാലാശ്രമത്തിലേക്ക് ഇത്തവണയും അവരെത്തി. കിടങ്ങന്നൂര്‍ എസ്.വി.ജി.വി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ തുടര്‍ച്ചയായ അഞ്ചാംവര്‍ഷമാണ് ബാലാശ്രമത്തില്‍ ഓണം ആഘോഷിക്കുന്നത്.
മനസ്സിനിണങ്ങിയ ഓണക്കോടിയുടെ തിരഞ്ഞെടുപ്പോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. അന്തേവാസികളായ കുട്ടികളെ ആറന്മുളയിലെ വസ്ത്രശാലയിലെത്തിച്ച് അവര്‍ക്ക് മനസ്സിനിണങ്ങിയ ഓണക്കോടികള്‍ വാങ്ങി നല്‍കി.
തിരികെ ബാലാശ്രമത്തിലെത്തി അത്തപ്പൂക്കളമിട്ട് ഓണക്കളികള്‍ തുടങ്ങുമ്പോഴേയ്ക്കും ഓണസദ്യയ്ക്കായുള്ള വിളിയെത്തി. വള്ളപ്പാട്ടും താളവുമൊക്കെയായി ഇലയ്ക്കുമുന്നില്‍ സീഡ് ക്ലബ്ബ് അംഗങ്ങള്‍ ആഘോഷത്തിന്റെ സദ്യയൊരുക്കി.
വിഭവസമൃദ്ധമായ ആറന്മുളവള്ളസദ്യതന്നെയായിരുന്നു ഓണസദ്യയായി വിളമ്പിയത്. ഉച്ചയ്ക്കുശേഷം കസേരകളിയും പുലികളിയുമൊക്കെയായി ബാലാശ്രമത്തിന്റെ മുറ്റം ഓണക്കളമായി. കളിക്കളത്തില്‍ ജയിക്കുന്നവര്‍ക്കെല്ലാം കവറുകളിലാക്കിയ ഉപ്പേരിയും ശര്‍ക്കരവരട്ടിയും സമ്മാനമായി നല്‍കി.
സീഡ് ക്ലബ്ബ് അംഗങ്ങള്‍ തയ്യാറാക്കിയ ഓണപ്പാട്ട് ബാലാശ്രമത്തിലെ കുട്ടികളും ചേര്‍ന്ന് പാടിയാണ് ആഘോഷങ്ങള്‍ സമാപിച്ചത്. പി.ടി.എ. പ്രസിഡന്റ് ശിവന്‍കുട്ടിനായര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സി.ആര്‍.പ്രീത ഓണസമ്മാനങ്ങള്‍ നല്‍കി. ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി കണ്‍വീനര്‍ കുമ്മനം രാജശേഖരന്‍ സന്ദേശം നല്‍കി. പി.ടി.എ. സെക്രട്ടറി ഗോപാലകൃഷ്ണപ്പണിക്കര്‍, മാതൃസംഗമം പ്രസിഡന്റ് ലീലാഭായി, ബാലാശ്രമം ഭാരവാഹികളായ വേണുഗോപാല്‍,ശശിധരന്‍, ശ്രീകുമാര്‍, ശ്രീധരന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജ്യോതിഷ് ബാബു,അധ്യാപകരായ ജേക്കബ് മാത്യു, ജയമോഹന്‍, സീഡ് ക്ലബ്ബ് സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ പ്രിയാമോള്‍, അഖില്‍മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 

Print this news