ചെര്‍ക്കള: ദുരിതമനുഭവിക്കുന്ന സഹപാഠികള്‍ക്ക് താങ്ങായി സീഡ് കുട്ടികളുടെ ഓണസമ്മാനം. എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ രേണുകയ്ക്കും അനിയത്തി ദിവ്യശ്രീക്കുമാണ് കരുണവറ്റാത്ത കുരുന്നുകളുടെ സഹായം.
രേണുകയുടെയും ദിവ്യശ്രീയുടെയും ദുരിതത്തെക്കുറിച്ച് മാതൃഭൂമി കഴിഞ്ഞ ജൂലായ് 14ന് വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെയും സീഡ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കുട്ടികളും അധ്യാപകരും ഇവരെ സഹായിക്കാന്‍ കൈകോര്‍ത്തത്.
രേണുകയും ദിവ്യശ്രീയും അച്ഛനുമമ്മയ്ക്കുമൊപ്പം പുത്തിഗെയിലെ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ഏപ്രില്‍ 30നായിരുന്നു ഇവരുടെ ജീവിതം കീഴ്‌മേല്‍മറിഞ്ഞത്. വാടകവീട്ടില്‍നിന്ന് അല്പം മാറി കാട്ടില്‍ മരക്കൊമ്പില്‍ ഇവരുടെ അമ്മ പവിത്രകുമാരി(32)യെ തൂങ്ങിമരിച്ചനിലയില്‍ കണ്ടു. അതോടെ അച്ഛന്‍ ശശിധരന്‍ തളര്‍ന്നു. സംസാരചലന ശേഷി നഷ്ടപ്പെട്ട ശശിധരന്‍ ഏറെക്കാലം ചികിത്സയിലുമായി. ഇതോടെയാണ് ഇവര്‍ അമ്മയുടെ അകന്ന ബന്ധുവിന്റെ എടനീരിലെ വാടകക്വാര്‍ട്ടേഴ്‌സിലെത്തിയത്. രേണുക എട്ടാംതരത്തിലും ദിവ്യശ്രീ ആറാംതരത്തിലുമാണ്.
കുട്ടികള്‍ സ്വരൂപിച്ച 30,000 രൂപ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.എന്‍.നാരായണന്‍ രേണുകയ്ക്കും ദിവ്യശ്രീക്കും നല്‍കി. സീഡ് കോഓര്‍ഡിനേറ്റര്‍ എം.ഗംഗാധരന്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഐ.കെ.വാസുദേവന്‍, പ്രഥമാധ്യാപിക ശാരദ, അധ്യാപകരായ ഇ.ശാന്തകുമാരി, ശൈലജ, ശ്യാമള, സജി, മധു പ്രഭാകരന്‍, ഗോപേഷ്, ശ്രീജ, പ്രവീണ്‍, കേശവന്‍ നമ്പൂതിരി, ശ്രീപതി, ഫ്രാന്‍സിസ്, ദീപ, ജയശ്രീ, ശ്രീകല എന്നിവര്‍ സംസാരിച്ചു.