മാന്നാര്: സമസ്ത ചരാചരങ്ങളും ഓണം ആഘോഷിക്കണമെന്ന ആശയം ഉള്ക്കൊണ്ട ഒരു സംഘം സീഡ് വിദ്യാര്ഥികള് ഉത്രാടദിനത്തില് മിണ്ടാപ്രാണികള്ക്ക് ഓണവിരുന്ന് നല്കി.
മാന്നാര് ശ്രീഭുവനേശ്വരി ഹൈസ്കൂളിലെ മാതൃഭൂമി-പ്രകൃതി സീഡ് ക്ലബ്ബ് അംഗങ്ങളാണ് സഹജീവികള്ക്കും വിരുന്നൊരുക്കിയത്. സീഡ് കോ- ഓര്ഡിനേറ്റര് ബി. ശ്രീലതയുടെ മേല്നോട്ടത്തില് വിദ്യാര്ഥിനികള് ഇലഞ്ഞിമേല് വള്ളിക്കാവിലെത്തി കുരങ്ങന്മാര്ക്ക് ഭക്ഷണം നല്കി. കപ്പലണ്ടി, കടല, പഴം എന്നിവയാണ് ഇവര് കുരങ്ങള്മാര്ക്ക് നല്കിയത്. തങ്ങളുടെ ഇഷ്ട വിഭവങ്ങളുമായെത്തിയ വിദ്യാര്ഥിനികളെ കണ്ട കുരങ്ങന്മാര് ഇവരുടെ ചുറ്റും കൂടി ഭക്ഷണം കൈക്കലാക്കി.
തുടര്ന്ന് അരിവറുത്ത് ശര്ക്കരയുമായി ചേര്ത്ത് കുഴച്ച് ഉറുമ്പുകള്ക്ക് ഭക്ഷണം നല്കി. അരിമാവ് കൈപ്പത്തികള് വീടിന്റെ ചുമരില് പതിപ്പിച്ച് ഗൗളികള്ക്കും ഭക്ഷണം നല്കി. പശുവിന് കുറിതൊടുവിച്ച് ഉപ്പുമാങ്ങയും മഞ്ഞള്പൊടി, അരിപ്പൊടിയും നല്കി.
വിദ്യാര്ഥികള് പഴയ തലമുറയില്പ്പെട്ട അമ്മമാരോട് ചോദിച്ചറിഞ്ഞാണ് മിണ്ടാപ്രാണികള്ക്കുള്ള 'മെനു' തയ്യാറാക്കിയത്. വിസ്മൃതിയിലായിക്കൊണ്ടിരിക്കുന്ന ഒരു സംസ്കാരത്തെ തിരികെ പിടിക്കുവാനുള്ള ശ്രമമാണ് മിണ്ടാപ്രാണികള്ക്കുള്ള ഓണവിരുന്നിലൂടെ തങ്ങള് ശ്രമിച്ചതെന്ന് വിദ്യാര്ഥിനികള് പറഞ്ഞു. ഗായത്രി എം.പിള്ള, കെ. അഭിജിത്ത്, പവന്കുമാര്, വിദ്യ വിജയന്, ശ്രുതി എസ്.കുമാര്, അഭിജിത്ത് എ. അനൂപ് കൃഷ്ണന് എന്നീ വിദ്യാര്ഥികള് പങ്കെടുത്തു.