പ്രകൃതിസ്‌നേഹിക്ക് പിറന്നാള്‍ ദിനത്തില്‍ മാതൃഭൂമി സീഡിന്റെ ആദരം

Posted By : Seed SPOC, Alappuzha On 11th September 2014



മുതുകുളം: പ്രകൃതിസ്‌നേഹി കണ്ടല്ലൂര്‍, പുതിയവിള കൊല്ലകല്‍ വീട്ടില്‍ ദേവകിയമ്മയ്ക്ക് എണ്‍പതാം പിറന്നാളില്‍ മാതൃഭൂമി സീഡിന്റെ ആദരം. ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, ജൈവ വൈവിധ്യ ഭൂമിത്ര അവാര്‍ഡ് എന്നിവയ്ക്കര്‍ഹയായ ദേവകിയമ്മയെയാണ് മാന്നാര്‍ ശ്രീഭുവനേശ്വരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് അംഗങ്ങള്‍ പിറന്നാള്‍ ദിനത്തില്‍ വീട്ടിലെത്തി ആദരിച്ചത്. ജൈവ സസ്യ വൈവിധ്യങ്ങള്‍ നിറഞ്ഞ കൊല്ലകല്‍ തറവാട്ടിലെ കുര്യാലയ്ക്കു മുമ്പില്‍ വച്ച് കുട്ടികള്‍ പൊന്നാടയണിയിച്ചു. റോസാ പുഷ്പവും സമ്മാനിച്ചു.
സീഡ് കോഓര്‍ഡിനേറ്റര്‍ ഡി. ശ്രീലതയും കുട്ടികളോടൊപ്പമുണ്ടായിരുന്നു. ദേവകിയമ്മയും മകളും പരിസ്ഥിതി പ്രവര്‍ത്തകയുമായ പ്രൊഫ. ഡി. തങ്കമണിയും അപൂര്‍വ വൃക്ഷ സസ്യങ്ങളെ സീഡ് അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി.
സീഡ് അംഗങ്ങളായ ധരിത്രി എസ്. ഭാസ്‌കര്‍, ഗായത്രി ആര്‍. കൃഷ്ണന്‍, സുധാംശു, അര്‍ജുന്‍ റാം എന്നിവരാണ് പിറന്നാള്‍ ആശംസ നേരാനെത്തിയത്.

 

Print this news