ഒരിഞ്ച് മണ്ണുണ്ടാക്കാന്‍ പ്രകൃതി ആയിരക്കണക്കിന് വര്‍ഷങ്ങളെടുക്കും. എന്നാല്‍, കേവലം 45 മുതല്‍ 60 ദിവസം കൊണ്ട് നഴ്സറിമണ്ണ് തയ്യാറാക്കി കൃഷി നടത്തുന്നതാണ് പുതുരീതി. കാട്ടിലെ മണ്ണ് നാട്ടിലുണ്ടാക്കിയെടുക്കുന്ന ഈ പ്രക്രിയയിലൂടെ പ്രകൃതിക്കിണങ്ങിയ എല്ലാ കൃഷികളും ഈ മണ്ണില്‍ നടത്താനും കഴിയും.
വിഷന്‍ ഗ്രീന്‍ എര്‍ത്ത് മൂവ്മെന്റ് സൊസൈറ്റിയും ടീച്ചേഴ്സ് ഫോര്‍ സയന്‍സും ചേര്‍ന്ന് നഴ്സറി മണ്ണിറക്കി നടത്തുന്ന ഈ പുതുയുഗ കൃഷിരീതി തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടത്താന്‍ പോവുകയാണ്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കൂത്തുപറമ്പ് ഹൈസ്‌കൂളിലെ സീഡ് ക്ലബംഗങ്ങളുടെ കൃഷിയിടത്തില്‍ പുതുയുഗ കൃഷിയുടെ മണ്ണൊരുക്കല്‍ നടന്നു.
കൂത്തുപറമ്പ് ഹൈസ്‌കൂളില്‍ നടന്ന മണ്ണൊരുക്കലില്‍ 55 ഇനം ചെടികളുടെ ഇലകളാണ് ഉപയോഗിച്ചത്. മാവ്, പ്ലാവ്, നെല്ലി, പുളി, വേങ്ങ, താനി, മരുത്, തേക്ക്, കശുമാവ്, വട്ടപ്പിരലയം, കൃഷ്ണകിരീടം, അമ്പഴം, പേര, കുറുക്കുട്ടി, ഇടല, ശീമക്കൊന്ന, ചെമ്പരത്തി, കമ്മ്യുണിസ്റ്റ് പച്ച, പാണല്‍, ചായപ്പുല്ല്, ആടലോടകം, കൂവളം, കിലുകിലുക്കി, നാറ്റപ്പൂചെടി, വേപ്പ്, ഉങ്ങ്, കിരിയാത്ത്, ചമത, ഏഴിലംപാല, കൂവളം, അരളി, ആത്ത, മുഞ്ഞ, തുമ്പ തുടങ്ങി അമ്ലവും ക്ഷാരവും ഔഷധഗുണമുള്ളതുമായ വിവിധ ഇലകളാണ് ഇതിനായി ഉപയോഗിച്ചത്.
നഴ്സറി മണ്ണില്‍ ഏത് കൃഷിരീതിയും അവലംബിക്കാമെന്ന് ഇതിന്റെ പ്രയോക്താക്കള്‍ പറയുന്നു. ജൈവ അവശിഷ്ടങ്ങളുടെ തോത് മണ്ണില്‍ ഉയര്‍ന്നുനില്ക്കുന്നതിനാല്‍ നല്ല വിളവ് ലഭിക്കുമെന്നും മണ്ണ് ജീവനുള്ളതായി നിലനില്ക്കുമെന്നും ഇവര്‍ അവകാശപ്പെടുന്നു.
വിഷന്‍ ഗ്രീന്‍ എര്‍ത്ത് മൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ് പി.രാഘവന്‍, സെക്രട്ടറി രാജന്‍ വേങ്ങാട്, ടീച്ചേഴ്സ് ഫോര്‍ സയന്‍സ് ജില്ലാ പ്രസിഡന്റ് ടി.എം.ദിലീപന്‍, രക്ഷാധികാരി പി.ഗോവിന്ദന്‍, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ രാജശേഖരന്‍ നായര്‍ എന്നിവരാണ് പുതുയുഗകൃഷിരീതിക്ക് ചുക്കാന്‍ പിടിക്കുന്നത്.
വേങ്ങാട് പഞ്ചായത്തില്‍നിന്ന് വീടുകളില്‍ വിതരണംചെയ്ത പത്തായിരം മണ്‍ചട്ടികളില്‍ നഴ്സറി മണ്ണ് തയ്യാറാക്കുന്ന രീതിയെക്കുറിച്ച് വാര്‍ഡ് തലങ്ങളില്‍ ഇവര്‍ ക്ലാസ് നല്കിവരുന്നുണ്ട്. പുതുയുഗ കൃഷിരീതിയെക്കുറിച്ച് പുതുതലമുറയ്ക്ക് അവബോധം നല്കുന്നതിനായി ഒരു സിനിമ നിര്‍മിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. പുതുയുഗ കൃഷിയിലൂടെ വിളവെടുത്ത ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഡിസംബര്‍, ജനവരി മാസങ്ങളില്‍ പുതുയുഗകൃഷി അഗ്രിഫെസ്റ്റ് നടത്തുമെന്നും സംഘാടകര്‍ പറഞ്ഞു.