മണ്ണാർക്കാട്: മാവേലി വാണകാലത്തിന്റെ ഒാർമയ്ക്കായി ഭീമനാട് ഗവ. യു.പി. സ്കൂളിൽ ഭീമൻ പൂക്കളമൊരുക്കി. സീഡ് ക്ലബ്ബിന്റെ മേൽനോട്ടത്തിലായിരുന്നു ആഘോഷം.
വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ആറ് മീറ്റർ വ്യാസത്തിലുള്ള സൗഹൃദ പൂക്കളം തീർത്തത്. പ്രീ-പ്രൈമറി, എൽ.പി., യു.പി. വിഭാഗക്കാർക്ക് പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചു. കസേരകളി, മെഴുകുതിരി കത്തിച്ചോടൽ, ചാക്കിലോട്ടം, വള്ളിച്ചാട്ടം, വടംവലി എന്നിവ കുട്ടികളെ ആവേശത്തിമിർപ്പിലാക്കി.അവശതയനുഭവിക്കുന്നവർക്ക് ഓണക്കിറ്റ് വിതരണം നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ മാറ്റുകൂട്ടി. അധ്യാപകദിനാചരണത്തോടനുബന്ധിച്ച് ചെറുകാടിന്റെ ‘മുത്തശ്ശി’ എന്ന നോവലിന്റെ ഒരുഭാഗം ദൃശ്യാവിഷ്കാരമുണ്ടായി. മത്സരവിജയികൾക്ക് സമ്മാനദാനം നടന്നു.
ഓണാഘോഷവും അധ്യാപകദിനാഘോഷവും പ്രധാനാധ്യാപകൻ പി. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. അബ്ദുൽഖാദർ, അച്ചിപ്ര സെയ്തലവി, കെ. സന്തോഷ്ബാബു, എൻ. അഷറഫ് ഹാജി, സലാഹുദ്ദീൻ, നാരായണിക്കുട്ടിയമ്മ, സീഡ് കോർഡിനേറ്റർ കെ.സി. മിനി, എ. അബ്ദു എന്നിവർ സംസാരിച്ചു.