പരിസ്ഥിതിസംരക്ഷണത്തിന്റെ ഗൃഹപാഠം പകര്‍ന്ന് രായിരനല്ലൂര്‍ എ.യു.പി. സ്കൂള്‍

Posted By : pkdadmin On 24th July 2013


പട്ടാമ്പി: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായുള്ള "ഹരിതാഭ' സീഡ് ക്ലബ്ബ് പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതിസംരക്ഷണത്തിന്റെയും പച്ചപ്പിന്റെയും ഗൃഹപാഠം നല്‍കുകയാണ് രായിരനല്ലൂര്‍ എ.യു.പി. സ്കൂള്‍. പ്രവര്‍ത്തനഫലമായി 2011-'12 വര്‍ഷത്തില്‍ വിദ്യാഭ്യാസജില്ലയിലെ മാതൃഭൂമി സീഡ് പദ്ധതിയില്‍ "ശ്രേഷ്ഠ ഹരിതവിദ്യാലയ' പുരസ്കാരത്തിന് സ്കൂള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയില്‍ രണ്ടാം സ്ഥാനവും നേടി. ചരിത്രമുറങ്ങുന്ന രായിരനല്ലൂര്‍ മലയിലെ കൈയേറ്റത്തിനെതിരെ സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തിയിരുന്നു. രായിരനല്ലൂര്‍ മലയുടെ സംരക്ഷണത്തിന്റെയും സാമൂഹികവനവത്കരണത്തിന്റെയും ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ ഇതിനോടകം ചെയ്തുകഴിഞ്ഞു. ജന്മനക്ഷത്ര വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുന്ന "നക്ഷത്രവന'വും സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ രായിരനല്ലൂര്‍ മലയില്‍ നടന്നിട്ടുണ്ട്. സ്കൂളില്‍ 10 സെന്റ് കൃഷിത്തോട്ടത്തില്‍ മൂന്ന് വിള കൃഷിചെയ്യുന്നുണ്ട്. ജൂണ്‍ മുതല്‍ സപ്തംബര്‍ വരെ വെണ്ട, സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ കാബേജ്, ജനവരി മുതല്‍ മാര്‍ച്ച് വരെ വെള്ളരി തുടങ്ങിയവ കഴിഞ്ഞവര്‍ഷം സ്കൂളില്‍ കൃഷിചെയ്തു. ഓരോ വിളവെടുപ്പും സ്കൂളില്‍ ഉത്സവംപോലെയാണ് സീഡ് ക്ലബ്ബും വിദ്യാര്‍ഥികളും നടത്തുന്നത്. കൂടാതെ നെല്‍പ്പാടം പാട്ടത്തിനെടുത്ത് കഴിഞ്ഞവര്‍ഷം നെല്‍ക്കൃഷിയും ചെയ്തു. അരയാല്‍മരത്തിന് പ്രകൃതിയിലുള്ള പ്രാധാന്യം മനസ്സിലാക്കി രായിരനല്ലൂര്‍ മലയ്ക്കുതാഴെ ബോധിവൃക്ഷശ്രേണി ഉണ്ടാക്കുന്ന പ്രവര്‍ത്തനത്തിലാണ് നിലവില്‍ സീഡ് ക്ലബ്ബംഗങ്ങള്‍. അറുപതോളം ചെടികള്‍ റോഡിനിരുവശവും വെച്ചുപിടിപ്പിച്ചുകഴിഞ്ഞു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നടത്തിയ വനവത്കരണപ്രവര്‍ത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാനസര്‍ക്കാരിന്റെ "വനമിത്ര' പുരസ്കാരം രായിരനല്ലൂര്‍ എ.യു.പി. സ്കൂളിന് ലഭിച്ചു. സാമൂഹിക വനവത്കരണവിഭാഗം സ്കൂളുകള്‍തോറും നടപ്പാക്കുന്ന "എന്റെ മരം' പദ്ധതി മികച്ച രീതിയിലാണ് സ്കൂള്‍ കൊണ്ടുപോയത്. റോഡരികിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈ വെച്ചുപിടിപ്പിക്കല്‍, തൂതപ്പുഴയോരത്ത് മുളത്തൈകള്‍ വെച്ചുപിടിപ്പിക്കല്‍, അരയാല്‍ സംരക്ഷണം തുടങ്ങിയപരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ സീഡ് ക്ലബ്ബും വിദ്യാര്‍ഥികളും ഒത്തൊരുമിച്ച് ഏറ്റെടുക്കുകയാണ്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാനാധ്യാപകന്‍ എം. ദേവനാഥന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഇ.പി. മുരളീധരന്‍, സീഡ് കണ്‍വീനര്‍ അനുശ്രീ, ജോ. കണ്‍വീനര്‍ വിദ്യ എന്നിവര്‍ ചേര്‍ന്നാണ് നേതൃത്വം നല്‍കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയായ ഇന്റഗ്രേറ്റഡ് വാട്ടര്‍ മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ നീര്‍ത്തടാധാഷ്ഠിത ഭൂവിഭവപഠനം നടത്തി. വിളയൂര്‍ നീര്‍ത്തടത്തിലെ 53 തരം മണ്ണ് സാമ്പിളുകളെടുത്ത് പട്ടാമ്പി മണ്ണുപരിശോധന കേന്ദ്രത്തിലെത്തിച്ച് ഫലം എട്ട് പാടശേഖരസെക്രട്ടറിമാര്‍ക്കെത്തിച്ചു. കൂടാതെ വിളയൂര്‍ നീര്‍ത്തടത്തിന്റെ ഭൂപടം തയ്യാറാക്കി പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

Print this news