പാലക്കാട്: ഒരു സ്‌കൂള്‍ നാടിന് പാടത്തെ അധ്വാനത്തിന്റെ വില പറഞ്ഞുകൊടുക്കുകയാണ്. സ്‌കൂളില്‍നിന്ന് വീട്ടിലേക്കും വീടുകളില്‍നിന്ന് നാട്ടിലേക്കും മുഴുവനായി പടര്‍ന്ന് പന്തലിച്ചു, ഈ കൃഷിയുടെ നന്മ.
മണ്ണിനെ സ്‌നേഹിക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ആറ് വര്‍ഷമായി അധ്യാപകര്‍ പണിപ്പെട്ടതിന്റെ ഫലം.
അധ്വാനത്തിെന്റ പുതിയ മാതൃക നല്‍കിയ വടവന്നൂര്‍ വേലായുധന്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടിക്കര്‍ഷകരെ ഒടുവില്‍ നാട്ടുകാരും ആദരിച്ചു. പഞ്ചായത്തും കൃഷിഭവനും ഒപ്പം ചേര്‍ന്നു. സ
ംസ്ഥാന കൃഷിവകുപ്പ് ഓരോ ജില്ലയിലും ഏറ്റവും നന്നായി കൃഷിചെയ്യുന്ന സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തില്‍ മൂന്നാം സ്ഥാനവും ഈ സ്‌കൂളിന് ലഭിച്ചു.
ചിത്രകലാധ്യാപകനായ വി. വിജയനാണ് കാര്‍ഷികക്ലബ്ബിലെ കുട്ടികളെ ചേര്‍ത്ത് മാതൃഭൂമി 'സീഡ്' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളില്‍ കൃഷി തുടങ്ങിയത്. മൂന്നരയേക്കറിലുള്ള ഇവരുടെ നെല്പാടം കതിരിട്ടുതുടങ്ങിയിട്ടുണ്ട്. സ്‌കൂളിലെ 900ത്തോളം വരുന്ന കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി ഉപയോഗിക്കുന്നത് ഇവിടെ വിളയിക്കുന്ന അരി തന്നെ.
'വനിത', 'എ.എസ്.ഡി' എന്നീ ഇനങ്ങളിലാണ് നെല്‍ക്കൃഷി. ഒരേക്കറിലുള്ള പച്ചക്കറിത്തോട്ടത്തില്‍ തക്കാളിയും വെണ്ടയും ചീരയും പയറും പാവലും മത്തനുമടക്കം എല്ലാത്തരം പച്ചക്കറിയും വിളയുന്നുണ്ട്. ഇതും കുട്ടികള്‍ക്കുള്ള ഭക്ഷണത്തിന് തന്നെയാണ് ഉപയോഗിക്കുന്നത്.
സ്‌കൂളിലെ ഭൂരിപക്ഷം വിദ്യാര്‍ഥികളും കൃഷിയില്‍ തങ്ങളാലാവുംവിധം ഇടപെടുന്നുണ്ട്. ഒപ്പം ഇത്തിരി 'വിഷമില്ലാത്ത നന്മ' വീട്ടിലേക്കും പറിച്ചുനടുന്നു. ജൈവവളങ്ങളാണ് ഇവര്‍ ഉപയോഗിക്കുന്നത്.
പ്രധാനാധ്യാപിക കെ. സുഭദ്ര, അധ്യാപകരായ കെ. രാമനാഥന്‍, വി. കൃപലാജ്, അനൂപ്‌ദേവ് തുടങ്ങിയവരും കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു. മാനേജര്‍ ടി.എ. ഭാര്‍ഗവിയമ്മയുടെ സ്ഥലത്താണ് കൃഷിചെയ്യുന്നത്. ഗുല്‍മേഷാണ് ഇവിടത്തെ സീഡ് റിപ്പോര്‍ട്ടര്‍.
കുറ്റിയമര, പതിനെട്ടുമണി പയര്‍, ആനക്കൊമ്പന്‍ വെണ്ട, തുവര, കൂര്‍ക്ക, ഇഞ്ചി തുടങ്ങിയവയെല്ലാം ഇവരുടെ തോട്ടത്തില്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തവണ ആദ്യമായി ഉള്ളിയും പരീക്ഷിച്ചു. കപ്പയും ഇടവിളയായി ചെറുപയറും ഉഴുന്നും വിളയിക്കുന്നു.
കൃഷിസ്ഥലത്തിനടുത്ത് തന്നെയുള്ള കുളമാണ് ജലസ്രോതസ്സ്. സ്‌കൂളിലെ ഉച്ചക്കഞ്ഞിയുടെ ബാക്കി നല്‍കുന്നത് ഇതിലെ മത്സ്യങ്ങള്‍ക്കാണ്. കുളത്തിന് തൊട്ടടുത്തായി മുളങ്കാടും ഉണ്ടാക്കിയിട്ടുണ്ട്.
കുട്ടികളുടെ പച്ചക്കറിത്തോട്ടം കണ്ട് പരിസരത്തുള്ളവരെല്ലാം വീട്ടില്‍ കൃഷിചെയ്യുന്നു. ഇവിടെ നിന്ന് നാട്ടുകാര്‍ക്ക് വിത്തും നല്‍കാറുണ്ട്.