പാഴ്വസ്തുക്കള്‍ കളിപ്പാട്ടമാക്കി വിദ്യാര്‍ഥികള്‍

Posted By : Seed SPOC, Alappuzha On 27th August 2014


 

പാഴ്വസ്തുക്കളില്‍നിന്ന് നിര്‍മ്മിച്ച കളിപ്പാട്ടങ്ങളുമായി പാണ്ടനാട് എസ്.വി.എച്ച്.എസ്സിലെ കുട്ടികള്‍
ചെങ്ങന്നൂര്‍: പാണ്ടനാട് എസ്.വി.എച്ച്.എസ്സില്‍ കുട്ടികള്‍ വന്നത് പാഴ്വസ്തുക്കളുമായി. മടക്കം കൈനിറയെ കളിപ്പാട്ടങ്ങളുമായി.
വീട്ടില്‍നിന്ന് വരുമ്പോള്‍ പാഴ്വസ്തുക്കള്‍ കൂടി കൊണ്ടുവരണം എന്ന് സീഡ് കോഓര്‍ഡിനേറ്റര്‍ രാജേഷ് പറഞ്ഞപ്പോള്‍ കുട്ടികള്‍ക്കൊന്നും മനസ്സിലായില്ല. പാഴ്വസ്തുക്കളെ ഉപയോഗപ്രദമായ വസ്തുക്കളാക്കി മാറ്റാന്‍ പഠിപ്പിക്കുന്ന ക്‌ളാസ്സ് ഉണ്ടെന്ന് മാത്രമാണ് അവര്‍ അറിഞ്ഞത്.
ഓരോരുത്തരും വീട്ടില്‍നിന്ന് പ്‌ളാസ്റ്റിക് കുപ്പി, ചകിരി, പാഴ് കടലാസ്, ബാറ്ററി, തുടങ്ങിയവയുമായാണ് ക്‌ളാസ്സില്‍ വന്നത്.
തൃശ്ശൂര്‍ സ്വദേശി സുബിദ് അഹിംസയാണ് ക്‌ളാസ്സെടുക്കാന്‍ എത്തിയത്. സുബിദിന്റെ വിരുതില്‍ പ്‌ളാസ്റ്റിക് കുപ്പി വണ്ടിയായി. പാഴ്കടലാസ് തൊപ്പിയും വിശറിയും ആയി. ബാറ്ററിയും കുപ്പിയും രസികന്‍ പാവകളായി മാറി. പാഴ്വസ്തുക്കള്‍ വലിച്ചെറിയാതെ കളിപ്പാട്ടമാക്കി മാറ്റാനുള്ള വിദ്യ കുട്ടികളെ സുബിദ് പഠിപ്പിച്ചു.
പാഴ്വസ്തുക്കളെ കളിപ്പാട്ടമാക്കുന്ന പ്രക്രിയയിലൂടെ, ശ്രദ്ധ, ക്ഷമ, പ്രവര്‍ത്തനശേഷി, സ്വയം പര്യാപ്തത, ആവിഷ്‌കാര സ്വാതന്ത്ര്യം, ക്രിയാത്മകത എന്നീ ഗുണങ്ങള്‍ കുട്ടികള്‍ക്ക് ലഭിക്കുമെന്ന് സുബിദ് പറഞ്ഞു. പാഴ്വസ്തുക്കള്‍ നിറഞ്ഞലോകം നന്മയുടേതാക്കി മാറ്റാന്‍ കുട്ടികള്‍ക്ക് മാത്രമേ കഴിയൂ എന്നും സുബിദ് പറഞ്ഞു. 
സ്വാമി വിവേകാനന്ദ ഹൈസ്‌കൂള്‍ ഹരിതം സീഡ് ക്‌ളബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സീഡ് കോഓര്‍ഡിനേറ്റര്‍ രാജേഷ് നേതൃത്വം നല്‍കി.
 
 

Print this news