കോതനല്ലൂര്‍ ഇമ്മാനുവല്‍സ് സ്‌കൂളില്‍ നടന്ന പച്ചക്കറികൃഷിയുടെ ആദ്യ വിളവെടുപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേരി ജോസ് നിര്‍വഹിക്കുന്നു
കടുത്തുരുത്തി: കോതനല്ലൂരിലെ ഇമ്മാനുവല്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സ്‌കൂള്‍മുറ്റത്ത് പച്ചക്കറികൃഷി നടത്തി ഓണംഉണ്ണാന്‍ തയ്യാറെടുക്കുന്നു. സ്‌കൂള്‍ പരിസരത്ത് രണ്ട് ഏക്കര്‍ സ്ഥലത്ത് വിവിധയിനം പച്ചക്കറികള്‍ നട്ടാണ് പുതുതലമുറയുടെ ഹരിതാവേശം.
മാര്‍ക്കറ്റില്‍ പൊള്ളുന്ന വിലനല്‍കി വിഷാംശങ്ങളടങ്ങിയ പച്ചക്കറി വാെേങ്ങണ്ടന്ന വിദ്യാര്‍ഥികളുടെ നിശ്ചയദാര്‍ഢ്യമാണ് സ്‌കൂള്‍വളപ്പില്‍ പുതിയ ഒരു ഹരിതാവേശത്തിന് തുടക്കംകുറിച്ചത്.
സ്‌കൂള്‍വളപ്പിലെ രണ്ടേക്കര്‍ സ്ഥലത്ത് നാല്‍പ്പതോളം ഇനം പച്ചക്കറികളാണ് കുട്ടികള്‍ നട്ടുവളര്‍ത്തിയിരിക്കുന്നത്. പാവല്‍, പയര്‍, പടവലം, കോവല്‍, പീച്ചില്‍, ചുരയ്ക്ക, വഴുതന, വെള്ളരി, മത്തന്‍, വിവിധ ഇനം ചീനി, സോയാബീന്‍, കത്തരി, നിത്യവഴുതന, ബീന്‍സ്, തക്കാളി, കാരറ്റ്, കാബേജ്, കാപ്‌സിക്കം, വെണ്ട, ചേന, ചേന്പ്, കാച്ചില്‍, ചെറുകിഴങ്ങ്, വിവിധയിനം വാഴ, ഇഞ്ചി, മഞ്ഞള്‍, കച്ചോലം, വെറ്റിലക്കൊടി എന്നിവയെല്ലാം കുട്ടികളുടെ കൃഷിത്തോട്ടത്തില്‍ നട്ടുവളര്‍ത്തുന്നു. പന്തലുകളും കുട്ടികള്‍ തയ്യാറാക്കിയിട്ടുണ്ട്.
പച്ചക്കറിക്ക് ഇവിടെ ജൈവവളമാണ് ഉപയോഗിക്കുന്നത്. പച്ചക്കറികൃഷിയുടെ ആദ്യവിളവെടുപ്പ് കഴിഞ്ഞദിവസം നടന്നു.
വിളവെടുപ്പിന് സ്‌കൂള്‍ മാനേജരും അധ്യാപകരും മാഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്തും മാഞ്ഞൂര്‍ കൃഷിഭവന്‍ അധികൃതരും കുട്ടികള്‍ക്ക് സഹായത്തിനെത്തിയിരുന്നു.
ആദ്യ വിളവെടുപ്പിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേരി ജോസ് നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, പ്രിന്‍സിപ്പല്‍ എ.വി.പയസ് കുട്ടി, പി.ടി.എ.പ്രസിഡന്റ് ബാബു മലയില്‍, സീഡ് കോഓര്‍ഡിനേറ്റര്‍ ഷിനു പി.തോമസ് എന്നിവര്‍ വിളവെടുപ്പിന് നേതൃത്വം നല്‍കി.