പുതുപ്പള്ളി (കോട്ടയം): മലയാളമണ്ണില്‍ നന്മ ആഗ്രഹിക്കുന്ന പൊതുസമൂഹത്തിന്റെ മുഖച്ഛായ ആയിരുന്നു അപ്പോള്‍ 'സീഡ് ' കുട്ടികള്‍ക്ക്. സര്‍ക്കാരിന്റെ മദ്യനയത്തെ പിന്തുണച്ച് 'നെടുനീളന്‍' അഭിനന്ദനകത്തുമായി എത്തിയതായിരുന്നു കോട്ടയം ഹോളിഫാമിലി സ്‌കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങള്‍. നൂറ്റൊന്നുമീറ്റര്‍ നീളമുള്ള കത്തില്‍ കുട്ടികളുടെ ഹൃദയംനിറഞ്ഞ അഭിനന്ദനവും നന്ദിയും സ്‌നേഹവുമെല്ലാം ഇഴചേര്‍ത്തിരുന്നു. മലയാളം,ഇംഗ്ലീഷ്,ഹിന്ദി,സംസ്‌കൃതം എന്നീ ഭാഷകളില്‍ 420 കുട്ടികള്‍ സ്വന്തം കൈപ്പടയിലാണ് കത്ത് തയ്യാറാക്കിയത്.
ഏഷ്യയിലെ ഏറ്റവും വലിയ പരിസ്ഥിതി പ്രവര്‍ത്തനം എന്ന ഖ്യാതിയുമായി നിരവധി ലോകോത്തര പുരസ്‌കാരങ്ങള്‍ വരെ നേടി മുന്നേറുകയാണ് തുടര്‍ച്ചയായ ആറാം വര്‍ഷവും മാതൃഭൂമി സീഡ്. ഈ വര്‍ഷം പച്ച,നീല,വെള്ള എന്നീ നിറങ്ങളിലായി വേര്‍തിരിച്ചാണ് പ്രവര്‍ത്തനം. ഇതില്‍ 'വെള്ള'യിലെ പ്രധാന പ്രവര്‍ത്തനമാണ് മദ്യം,മയക്കുമരുന്ന് വിപത്തിനെതിരെയുള്ള പോരാട്ടം.
മുന്‍കൂര്‍അനുമതി വാങ്ങിയാണ് സംഘം മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ കരോട്ടു വള്ളക്കാലില്‍ വീട്ടില്‍ എത്തിയത്. ഞായറാഴ്ച രാവിലെ എട്ടരയോടെ 22 അംഗ സീഡ് സംഘം എത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ വീട്ടുമുറ്റം നിവേദനം നല്‍കാനെത്തിയവരെക്കൊണ്ട് നിറഞ്ഞിരുന്നു. സ്ത്രീകളടക്കമുള്ള നൂറു കണക്കിന് ആളുകളുടെ നിവേദനങ്ങള്‍ സ്വീകരിച്ചശേഷം 9.15ഓടെ മുഖ്യമന്ത്രി കുട്ടികളുടെ അരികിലേക്ക് വന്നു. ''അങ്ങയും സര്‍ക്കാരും ചേര്‍ന്നെടുത്ത നന്മനിറഞ്ഞ തീരുമാനത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നു''-കുട്ടികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
''നിലവിലെ മദ്യശാലകളിലെ തൊഴിലാളികളുടെ പുനരധിവാസം,വ്യാജമദ്യംതടയല്‍ എന്നിവയ്ക്ക് എല്ലാ വിഭാഗംജനങ്ങളുടെയും പിന്തുണ വേണം.കുട്ടികളെയാണ് മയക്കുമരുന്ന് വില്പനക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. അതുകൊണ്ട് എല്ലാവരും സംഘടിതമായി ഇത്തരം നീക്കങ്ങളെ ചെറുക്കണം''- അച്ഛന്റെ സ്‌നേഹവാേയ്പാടെ മുഖ്യമന്ത്രി കുട്ടികളെ ഉപദേശിച്ചു.
'ജോലി നഷ്ടപ്പെടുന്ന മദ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ജോലിയുള്ളവര്‍ ഒരു ദിവസത്തെ വേതനവും കുട്ടികള്‍ ഒരു രൂപയും നല്‍കണം. എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്താനാണിത്''- മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ മാനിച്ച് ഒരുരൂപ വീതം നല്‍കാന്‍ സീഡ് അംഗങ്ങള്‍ ഇതിനോടകം തന്നെ മുന്നോട്ടുവന്നിട്ടുണ്ട്.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ മാര്‍ഗരറ്റ് റോബര്‍ട്ട്,സ്‌കൂള്‍ ലീഡര്‍ ജെന്‍സി,ചെയര്‍മാന്‍ ഹരികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് അഭിനന്ദനകത്ത് മുഖ്യമന്ത്രിക്ക് കൈമാറി. വിജയപുരം രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.അഗസ്റ്റിന്‍ ടി.കല്ലറയ്ക്കല്‍, പ്രഥമാധ്യാപകന്‍ എം.ജോര്‍ജ്, സ്റ്റാഫ് സെക്രട്ടറി കെ.പി.സാബു,പി.ടി.എ. പ്രസിഡന്റ് ജോസ് കെ.ജേക്കബ്,സിസ്റ്റര്‍ അന്നക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. ഹൈസ്‌കൂള്‍വിഭാഗത്തിലെ 'സീഡ്' അംഗങ്ങളാണ് കത്ത് തയ്യാറാക്കിയത്.