പഴമയെ ഓര്‍ക്കാന്‍ 'കേരളീയം

Posted By : knradmin On 23rd August 2014


 

 
 
തലശ്ശേരി: കര്‍ഷകദിനാഘോഷത്തിന്റെ ഭാഗമായി സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 'കേരളീയം' എന്ന പേരില്‍ പഴയകാല കാര്‍ഷികഗാര്‍ഹികോപകരണങ്ങളുടെ പ്രദര്‍ശനം തുടങ്ങി. ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം 
ചെയ്തു. 
അന്യംനിന്നുപോയതും കേരളത്തനിമ വിളിച്ചോതുന്നതുമായ കാര്‍ഷികോപകരണങ്ങളും ഗൃഹോപകരണങ്ങളും പുതുതലമുറയെ 
പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 
കലപ്പ, നുകം, ആയുധങ്ങള്‍, വെള്ളിക്കോല്‍, തലക്കുട, തുലാം, ഉറി, നാഴി, അളവുപാത്രങ്ങള്‍, ഇരുമ്പുപിഞ്ഞാണം, ചെമ്പുകിണ്ണം, ഓട്ടുഗ്ലാസുകള്‍, തവികള്‍, കല്‍ഭരണി, വിളക്കുകള്‍, മരവി, അടച്ചൂറ്റി, മരംകൊണ്ടുള്ള ഉരല്‍, ഉലക്ക, പണപ്പെട്ടി, ട്രങ്ക്‌പെട്ടി, മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്തിരിപ്പെട്ടി, ഫോണ്‍ തുടങ്ങി നൂറിലേറെ ഉപകരണങ്ങള്‍ പ്രദര്‍ശനത്തിന് ഒരുക്കിയിരുന്നു. ചൊവ്വാഴ്ചയാണ് കുട്ടികള്‍ക്കായുള്ള പ്രദര്‍ശനം.
പി.ടി.എ. പ്രസിഡന്റ്  സെല്‍വന്‍ മേലൂര്‍, പ്രഥമാധ്യാപിക സിസ്റ്റര്‍ രേഖ, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹര്‍ഷിണി, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ മരിയജീന, സീഡ് കോ ഓര്‍ഡിനേറ്റര്‍ ലിസമ്മ തോമസ്, ബിന്ദുജോയ്, വിദ്യാര്‍ഥിനികളായ വിസ്മയ പി.കെ., തീര്‍ഥ പി.കെ., ഈവ മരിയ, ഐശ്വര്യ രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.
 
 
 

Print this news