മാട്ടൂല്‍: മാട്ടൂല്‍ സി.എച്ച്.എം.കെ.എസ്. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വെങ്ങര പ്രിയദര്‍ശിനി യു.പി.സ്‌കൂളിലും സീഡ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഇലയറിവുമേളകള്‍ നടന്നു.
മാട്ടൂല്‍ സ്‌കൂളിലെ നിള സീഡ് ക്ലബ് 'ഇലയറിവ്ആരോഗ്യരക്ഷയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും' എന്ന നാടന്‍ ഇലക്കറിവിഭവങ്ങളുടെപ്രദര്‍ശനം നടത്തി. ചടങ്ങ് മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.ഖമറുന്നീസ ഉദ്ഘാടനംചെയ്തു. സ്വാതന്ത്ര്യസമരസേനാനി പാറമ്മല്‍ കൃഷ്ണന്‍ വൈദ്യരുടെ ഭാര്യ പാര്‍വതിയമ്മയെ ആദരിച്ചു. നാട്ടുചികിത്സകരായ ചെറുതാഴത്തെ കെ.പാര്‍വതിയമ്മയും പി.വി.യശോദയും ഇലകള്‍ പരിചയപ്പെടുത്തി. പി.ടി.എ. പ്രസിഡന്റ് എന്‍.എസ്.ജോണ്‍ അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ ഇ.കെ.ഗോവിന്ദന്‍, പ്രഥമാധ്യാപക ചുമതലയുള്ള മുരളീധരന്‍, പി.വി.സുധ, സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.എം.സുസ്മിത, സ്മിത കല്ലേന്‍, അബ്ദുള്‍ ലത്തീഫ്, രാജശ്രീ, ജ്യോതി, സൗമ്യ, വാഹിദ സി.ഒ.ടി, മുഹമ്മദ് ബഷീര്‍ എന്നിവര്‍ നേതൃത്വംനല്‍കി. കുട്ടികള്‍ നിര്‍മിച്ച 'സേവന' കുടകളുടെ വിപണനോദ്ഘാടനവും നടന്നു.
വെങ്ങര പ്രിയദര്‍ശിനി യു.പി. സ്‌കൂള്‍ സീഡ് ഇക്കോ ക്ലബ് നടത്തിയ ഇലക്കറി പാചകമത്സരം ശ്രദ്ധേയമായിരുന്നു. 19തരം ഇലകള്‍ മത്സരഇനമായി ഉണ്ടായിരുന്നു. തെറ്റായ ആഹാരശീലങ്ങള്‍ ഉണ്ടാക്കുന്ന രോഗങ്ങള്‍ക്കെതിരെ നമ്മുടെചുറ്റുമുള്ള പോഷകസമൃദ്ധമായ ഇലകള്‍ ഉപയോഗിച്ച് ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അമ്മമാര്‍ക്ക് വേണ്ടിയായിരുന്നു മത്സരം സംഘടിപ്പിച്ചത്. പി.ടി.എ. പ്രസിഡന്റ് ഗോവിന്ദന്‍ നമ്പീശന്‍, അശോകന്‍ മാണിയില്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.കെ.ഭാഗ്യലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി. മത്സരത്തില്‍ ഏഴാംക്ലാസിലെ ആദര്‍ശിന്റെ അമ്മൂമ്മ ശാരദ ഒന്നാംസ്ഥാനം നേടി.