കോഴിക്കോട്: പ്രകൃതി മനുഷ്യന്റെ വരദാനമാണെന്നും അതിനെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ ചുമതലയാണെന്നും ബോധ്യപ്പെടുത്തുന്ന പരിസ്ഥിതിദിനത്തില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളുടെ ജില്ലാതല പ്രവര്‍ത്തനത്തിന് തുടക്കമായി. ഹരിതവിദ്യാലയ പുരസ്‌കാരം നേടിയ ബിലാത്തികുളം ബി.ഇ.എം. എ.യു.പി. സ്‌കുളില്‍ ജില്ലാ കളക്ടര്‍ സി.എ. ലത ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ലോകം മുഴുവന്‍ പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി മുന്നോട്ടുപോകുമ്പോള്‍ അതിന്റെ ഭാഗമായി നമ്മളും പങ്കുചേരുന്നു എന്നത് വലിയ കാര്യമാണെന്ന് കളക്ടര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ഏതുമേഖലയിലുള്ള പ്രവര്‍ത്തനങ്ങളും സ്വീകാര്യമാണ് - അവര്‍ പറഞ്ഞു. മാതൃഭൂമി പത്രാധിപര്‍ എം. കേശവമേനോന്‍ അധ്യക്ഷതവഹിച്ചു. ടി.പി. അശ്വിന്‍ പ്രതിജ്ഞാവാചകം ചൊല്ലി. സ്‌കുളിലെ സീഡ് ലൈബ്രറിയുടെ ഉദ്ഘാടനം ഫെഡറല്‍ ബാങ്ക് ഡി.ജി.എമ്മും സോണല്‍ ഹെഡ്ഡുമായ കെ.ആര്‍. വിജയകുമാര്‍ നിര്‍വഹിച്ചു. പരിസ്ഥിതി ആശംസാ കാര്‍ഡ് കോഴിക്കോട് സിറ്റി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എം. ചന്ദ്രന്‍ പ്രകാശനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ടി. കൃഷ്ണദാസ്, പി.ടി.എ. പ്രസിഡന്റ് സി. മധുകുമാര്‍ , ഹെഡ്മാസ്റ്റര്‍ അലക്‌സ് ജേക്കബ്, എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി സീനിയര്‍ ജനറല്‍ മാനേജര്‍ കെ.പി. നാരായണന്‍ സ്വാഗതവും സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ നീലിമ ഹെറീന നന്ദിയും പറഞ്ഞു.