വേങ്ങര: നാട്ടുമാവുകളുടെ സംരക്ഷണത്തിനായി 'വീട്ടിലൊരു നാട്ടുമാവ്' എന്ന പദ്ധതിയുമായി എ.ആര്‍ നഗര്‍ ഗവ. യു.പി. സ്‌കൂളിലെ കുട്ടികള്‍ പ്രവര്‍ത്തനം തുടങ്ങി. മാതൃഭൂമി സീഡ് പ്രവര്‍ത്തകരാണ് പദ്ധതി ആവിഷ്‌കരിച്ചത്. മുഴുവന്‍ കുട്ടികള്‍ക്കും നാട്ടുമാവിന്‍ തൈകള്‍ വിതരണംചെയ്തുകൊണ്ടാണ് പദ്ധതി തുടങ്ങിയത്.
വിതരണത്തിനായി പ്രദേശത്തെ മികച്ചയിനം നാട്ടുമാവിന്‍തൈകള്‍ കുട്ടികള്‍ ശേഖരിച്ചിരുന്നു. ചക്കരമാവ്, പഞ്ചാരമാവ്, കോമാവ് തുടങ്ങിയ മാവിന്‍തൈകള്‍ വിതരണത്തില്‍ ഉള്‍പ്പെടുത്തി. നാട്ടുമാവുകളുടെ പ്രത്യേകതകള്‍, വൈവിധ്യം, പ്രാധാന്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കുട്ടികളുമായി മുതിര്‍ന്ന തലമുറ സംവാദം സംഘടിപ്പിച്ചു. എ.ആര്‍ നഗര്‍ പഞ്ചായത്തംഗം ആച്ചുമ്മക്കുട്ടി പദ്ധതി ഉദ്ഘാടനംചെയ്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മൂസ, സീഡ് കോഓര്‍ഡിനേറ്റര്‍ പി. മുഹമ്മദ് ഇഖ്ബാല്‍, പ്രധാനാധ്യാപകന്‍ രാമചന്ദ്രന്‍, അബ്ദുള്‍നാസര്‍, സൈനബ, മഹമൂദ് എന്നിവര്‍ പ്രസംഗിച്ചു.