മലപ്പുറം : സ്‌കൂളിലും പുറത്തും നടത്തിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുമെല്ലാം അരിമ്പ്ര ജി.എം.യു.പി. സ്‌കൂളിനെ മാതൃഭൂമി 'സീഡ്' പ്രവര്‍ത്തനങ്ങളില്‍ മലപ്പുറം വിദ്യാഭ്യാസജില്ലയിലെ മൂന്നാം സ്ഥാനക്കാരാക്കി. പ്ലാസ്റ്റിക് നിര്‍മാജനരംഗത്ത് സീഡ് പോലീസ് നടത്തിയ ഇടപെടല്‍ ശ്രദ്ധേയം. ടാപ്പുകള്‍ തുറന്ന് വെള്ളം പാഴാക്കുന്നതിനുപകരം വാല്‍ക്കിണ്ടിയിലും ചെറിയ കപ്പുകളിലും ശേഖരിച്ച് ഉപയോഗിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനവും ഇവിടെയുണ്ട്. കുട്ടികള്‍ സ്വന്തം വീട്ടുവളപ്പില്‍ നിര്‍മിച്ച മഴക്കുഴികളും ഏറെ പ്രയോജനകരമായി. ഭക്ഷണം ഒട്ടും പാഴാക്കാതെ ശ്രദ്ധിച്ചുവെന്ന് മാത്രമല്ല, ഓരോ ദിവസവും ഭക്ഷണം കഴിക്കുന്നതിനുമുമ്പ് ഒരു വറ്റുപോലും പാഴാക്കില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ലോക ജന്തുക്ഷേമ ദിനത്തില്‍ 'തുറന്നുവിടൂ കിളികളെ' എന്ന സന്ദേശമുയര്‍ത്തി നടത്തിയ റാലിയും ശ്രദ്ധേയമായി. പ്രധാനാധ്യാപകന്‍ എന്‍. ഇന്പിച്ചഹമ്മദ്, സീഡ് കോഓര്‍ഡിനേറ്റര്‍ കെ. അബ്ദുള്‍ റഷീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.