പൂച്ചാക്കല്: പൊതുതോട് സംരക്ഷണം ദൗത്യമായി ഏറ്റെടുത്തുകൊണ്ട് പാണാവള്ളി എസ്.എന്.ഡി.എസ്.വൈ.യു.പി. സ്‌കൂളിലെ 'മാതൃഭൂമി' സീഡ് പ്രവര്ത്തനങ്ങള് പുരോഗമിക്കുന്നു.
സ്‌കൂളിന് സമീപത്തുള്ള വേമ്പനാട്ട് കായലിന്റെ കൈവഴികളായ തോടുകളുടെ വശങ്ങളില് കണ്ടല്‌ച്ചെടികള് നട്ടുകൊണ്ടാണ് ഇതിനുള്ള പ്രവര്ത്തനങ്ങള് തുടങ്ങിയത്.
ഇടത്തോടുകള് ആരും സംരക്ഷിക്കാതെ അനുദിനം വിസ്തൃതി കുറഞ്ഞുവരികയാണ്.
തോടുകള് മണ്ണ് മൂടിക്കിടക്കുകയാണ്. മഴവെള്ളം ഒഴുകിപ്പോകാന് കഴിയാത്ത അവസ്ഥയില് വീടുകള് വെള്ളക്കെട്ടിലും.
സ്‌കൂളിന്റെ സമീപത്ത് വേമ്പനാട്ട് കായലിന്റെ തീരങ്ങളില് നിലവിലുള്ള വിവിധ കണ്ടല്ക്കാടുകളിലെത്തി അവിടെനിന്ന് വിത്ത് ശേഖരണം നടത്തി. തുടര്ന്നാണ് തോടുകളുടെ വശങ്ങളില് ഇവ നട്ടത്. പ്രാന്തല് കണ്ടല്, ബ്‌ളാത്തികണ്ടല്, കുറ്റികണ്ടല്, നല്ലകണ്ടല് തുടങ്ങിയ വിവിധതരം കണ്ടല്‌ച്ചെടികളില് നിന്നാണ് അധ്യാപകരും സീഡ് ക്ലബ് അംഗങ്ങളുംചേര്ന്ന് വിത്തുകള് ശേഖരിച്ച് നട്ടത്.
കണ്ടല് അനുബന്ധ സസ്യങ്ങളായ കൊമ്മട്ടി, പൊന്നുംവെളി, പുഴമല്ല, കാട്ടാത്ത, ഒതളം, കൈത, പോട്ടപ്പുല്ല് തുടങ്ങിയവ കുട്ടികള്ക്ക് തീരങ്ങളില് കാണാനും കഴിഞ്ഞു.
കണ്ടലിന്റെ പ്രാധാന്യത്തെപ്പറ്റി സീഡ് കോഓര്ഡിനേറ്റര് എസ്.സിനി, കെ.പി.ഉഷ എന്നിവര് കുട്ടികള്ക്ക് അവബോധം നല്കി. പ്രഥമാധ്യാപിക ജെ. ഷേര്‌ളി പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കി.