ചാരുംമൂട്: നൂറുകണക്കിന് വാനരന്മാരുടെ ആവാസകേന്ദ്രമായ വെണ്മണി ശാര്‍ങക്കാവില്‍, ചത്തിയറ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 'മാതൃഭൂമി' സീഡ് ക്ലബ്ബ് ഫലവൃക്ഷത്തൈകള്‍ നട്ടു. കാവിലെ മരങ്ങളില്‍ ഇഞ്ചക്കാട് പടര്‍ന്നത് വാനരന്മാര്‍ക്ക് വിനയായതായി 'മാതൃഭൂമി'യില്‍നിന്ന് സീഡ് ക്ലബ്ബ് അറിഞ്ഞു. കാവില്‍നിന്ന് കായ്കനികള്‍ കിട്ടാതായതോടെ ഇവര്‍ കാവുവിട്ട് പുറത്തേക്കിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. സ്വദേശവാസികള്‍ പരാതിയുമായി കോടതിയിലെത്തിയതിനെത്തുടര്‍ന്ന് വനംവകുപ്പ് കെണിയുമായി എത്തി വാനരന്മാരെ പിടിച്ചു. ഇതിനു പരിഹാരമായി വാനരന്മാര്‍ക്ക് വിഹരിക്കാനായി കുടുതല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്ന ജോലിയാണ് സീഡ് ക്ലബ്ബ് ഏറ്റെടുത്തിട്ടുള്ളത്. ക്ഷേത്ര സംരക്ഷണസമിതിയുമായി ചര്‍ച്ചനടത്തിയശേഷമാണ് തീരുമാനമെടുത്തത്. മാവ്, പ്ലാവ്, റംബുട്ടാന്‍, പേര, ആത്ത, ഓമ, ചാമ്പ തുടങ്ങി അമ്പതിലധികം ഫലവൃക്ഷങ്ങള്‍ കാവില്‍ നട്ടു.
സ്‌കൂള്‍ മാനേജര്‍ കെ.എ. രുക്മിണിയമ്മ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.എന്‍. ഗോപാലകൃഷ്ണന്‍, പി.ടി.എ. പ്രസിഡന്റ് മുരളീധരന്‍, സീഡ് കോഓര്‍ഡിനേറ്റര്‍ ബീഗം കെ. രഹ്ന, അധ്യാപകരായ കെ.എന്‍. അശോക്കുമാര്‍, ജെ. അജിത്കുമാര്‍, വി. രാമചന്ദ്രക്കുറുപ്പ്, ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്റ് സുനില്‍ദത്ത്, സെക്രട്ടറി ശിവപ്രകാശ്, സുരേഷ്‌കുമാര്‍, പുരുഷോത്തമന്‍ നായര്‍, അജിത്കുമാര്‍, ക്ഷേത്ര ട്രസ്റ്റി കൃഷ്ണന്‍ നമ്പൂതിരി, രാധാകൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
(ചത്തിയറ വി.എച്ച്.എസ്.എസ്. 'മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വെണ്മണി ശാര്‍ങക്കാവില്‍ ഫലവൃക്ഷത്തൈകള്‍ നട്ടപ്പോള്‍)