ബമ്മണൂര്‍ ജി.യു.പി.സ്കൂള്‍: സീഡ് കൂട്ടായ്മ നെയ്ത സ്വപ്നലോകം

Posted By : pkdadmin On 24th July 2013


പാലക്കാട്: ഉച്ചയ്ക്ക് ഒരുമണി കഴിഞ്ഞതോടെ വോയ്‌സ് ഓഫ് ബമ്മണൂര്‍ റേഡിയോ സ്റ്റേഷനില്‍ വാര്‍ത്തകള്‍ തുടങ്ങി. പിന്നാലെ കൊച്ചു ഗായിക നിത്യയുടെ ലളിതഗാനവും ഇഷ്ടപുസ്തകത്തെപ്പറ്റി മുരളിയുടെ ആസ്വാദനവും. പരുത്തിപ്പുള്ളി ബമ്മണൂര്‍ സര്‍ക്കാര്‍ യു.പി. സ്കൂളില്‍ അറിവുകള്‍ പങ്കുവെക്കാനും കലാസാംസ്കാരിക മുന്നേറ്റത്തിനും കുട്ടികളൊരുക്കിയ വേദിയാണിത്. മികച്ചപരിപാടിക്ക് ക്ലാസിനും അവതാരകര്‍ക്കുമെല്ലാം സമ്മാനങ്ങളുണ്ട്. മറ്റൊരു ക്ലാസ്മുറിയില്‍ അക്ഷയബാങ്കും ഈ സമയം തുറന്നുകഴിഞ്ഞിരിക്കും. ഇവിടെ നിക്ഷേപിക്കുന്ന വിദ്യാര്‍ഥികളുടെ നാണയത്തുട്ടുകള്‍ സഹകരണബാങ്കില്‍ സ്ഥിരനിക്ഷേപമായി മാറും. നാലുലക്ഷം രൂപവരെ ഇങ്ങനെ സ്കൂളിന്റെപേരില്‍ ബാങ്കിലെത്തി. മാതൃഭൂമി സീഡ്പദ്ധതിയില്‍ വിദ്യാര്‍ഥിക്കൂട്ടായ്മ നെയ്‌തെടുത്ത സ്വപ്നലോകമാണിത്. ഇവിടെ പഠനം പുസ്തകങ്ങളിലൊതുങ്ങാതെ ജീവിതഗന്ധിയായി ഒഴുകുന്നു. മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി വിദ്യാഭ്യാസജില്ലയില്‍ ഹരിതവിദ്യാലയം പുരസ്കാരം (രണ്ടാംസ്ഥാനം) രണ്ടാംതവണയും സ്കൂളിനെ തേടിയെത്തി. 2010-11 വര്‍ഷമായിരുന്നു ആദ്യനേട്ടം. ഇതേവര്‍ഷം തന്നെ മികച്ച കോ-ഓര്‍ഡിനേറ്റര്‍ക്കുള്ള പുരസ്കാരം അധ്യാപകനായ പി. അച്യുതന്‍കുട്ടിക്ക് ലഭിച്ചു. അടുത്തവര്‍ഷം സ്‌പെഷല്‍ ജൂറി പുരസ്കാരവും സ്കൂള്‍ നേടി. സ്കൂളിലെ പ്രവര്‍ത്തനങ്ങള്‍ പുറംലോകത്തെ അറിയിക്കാന്‍  ഒരു വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്തിലെ രണ്ട് കോളനികളില്‍ കുട്ടികള്‍ നടത്തിയ സേവനം മറ്റൊരു ശ്രദ്ധേയമായ മാതൃകയാണ്. മണ്ടപത്തിന്‍കടവ്, കാവതിയാംപറമ്പ് കോളനികളിലാണ് അഞ്ച് കുട്ടികള്‍വീതം ഓരോവീട് ഏറ്റെടുത്ത് മാലിന്യനീക്കത്തില്‍ പങ്കാളിയായത്. ശാസ്ത്രീയപഠനം നടത്തി വിവിധപ്രശ്‌നങ്ങളുടെ കാതലിലേക്കും ഇവര്‍ ഇറങ്ങിച്ചെന്നു. ഊര്‍ജസംരക്ഷണപ്രവര്‍ത്തനം വീട്ടില്‍നിന്ന് തുടങ്ങിയപ്പോള്‍ വീടുകളിലെല്ലാം വൈദ്യുതിബില്‍ കുത്തനെ താഴുന്നതിനും ഗ്രാമം സാക്ഷിയായി. സ്കൂളിലെ വൈദ്യുതിബില്‍ 1600ല്‍നിന്ന് 280 ആയി കുറഞ്ഞെന്ന് പ്രധാനാധ്യാപിക വി.എസ്. രമണി പറയുന്നു. സ്കൂള്‍ ടെറസ്സില്‍ കൃഷിനടത്തി 160 ചാക്ക് പച്ചക്കറികളാണ് കുട്ടികള്‍ വിളയിച്ചെടുത്തത്. വീടുകളിലും ഇപ്പോള്‍ പച്ചക്കറിക്ക് ക്ഷാമമില്ല. ഔഷധത്തോട്ടവും നക്ഷത്രവനവും സ്കൂള്‍ പരിസരത്ത് പച്ചപ്പ് നല്‍കുന്നു. കരാട്ടെയുടെ ആത്മധൈര്യമുണ്ട് ഇപ്പോള്‍ ഇവിടത്തെ പെണ്‍കുട്ടികള്‍ക്ക്. കരകൗശലവസ്തുക്കളും കുടയും തുണിസഞ്ചികളും കുട്ടികള്‍ സ്കൂളില്‍ത്തന്നെ ഉണ്ടാക്കുന്നതും മറ്റൊരു മുതല്‍ക്കൂട്ടാണ്. സ്കൂള്‍പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച് സീഡ് പോലീസും കുട്ടികളുടെ മന്ത്രിസഭയുമുണ്ട്. 52 പേരടങ്ങുന്ന ഹരിതം സീഡ്ക്ലബ്ബിനാണ് സീഡ്പ്രവര്‍ത്തനങ്ങളുടെ നേതൃത്വം. വിദ്യാര്‍ഥികളില്‍നിന്ന് കെ.വി. രേവതിയും അധ്യാപകരില്‍നിന്ന് സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍. സാവിത്രിയും മേല്‍നോട്ടം വഹിക്കുന്നു. വണ്ടര്‍ലായുടെ പരിസ്ഥിതി ഊര്‍ജസംരക്ഷണഅവാര്‍ഡും പുകയിലവിരുദ്ധപ്രവര്‍ത്തനത്തിന് റീജണല്‍ കാന്‍സര്‍ സെന്ററിന്റെ പുരസ്കാരവും സ്കൂള്‍ നേടിയിട്ടുണ്ട്.

Print this news