സീഡ്ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി കൃഷിക്ക്നൂറുമേനി വിളവ്

Posted By : ktmadmin On 19th August 2014


വെക്കം: വെച്ചൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി കൃഷി വന്‍വിജയകരമായി. പയര്‍, പടവലം, പാവല്‍, മുളക്, മത്തന്‍, ചീര, വെണ്ട എന്നീയിനം കൃഷികളാണ് നടത്തിയത്. കുമരകം കാര്‍ഷികസര്‍വ്വകലാശാലയില്‍നിന്ന് ശേഖരിച്ച വിത്തുകളാണ് പാകിയത്. സ്‌കൂള്‍ പരിസരത്ത് പ്രത്യേകമൊരുക്കിയ തടങ്ങളില്‍ വളര്‍ന്നുപന്തലിച്ച കൃഷിയാണ് നൂറുമേനി വിളവ് നല്‍കിയത്. സംഘടനകള്‍ക്ക് അഭിമാനവും ആഹ്‌ളാദവുമായി. സ്‌കൂളിലെ ബയോഗ്യാസ് സ്ലറി, ചാണകം, കോഴിവളം, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങളാണ് കൃഷിക്ക് വളമാക്കിയത്.
ഇരുപത്തിയഞ്ച് കിലോ ചീര, ഇരുപത്കിലോ പടവലം, പത്തുകിലോ പാവയ്ക്ക, പതിനഞ്ച്കിലോ മത്തങ്ങ, പത്തുകിലോ പയര്‍, അഞ്ചുകിലോ മുളക് എന്നിങ്ങനെ കൃഷി ലാഭകരമാക്കാന്‍ കഴിഞ്ഞു.
സീഡ് അംഗങ്ങളുടെയും അധ്യാപകരുടെയും പി.ടി.എ. ഭാരവാഹികളുടെയും കൂട്ടായ ശ്രമമാണ് കൃഷി വിജയമാക്കിയത്.
അവധിക്കാലത്തും കൃഷിയോടുള്ള അഭിരുചി കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതും നേട്ടമാക്കിയെന്ന് സീഡ് കോഓര്‍ഡിനേറ്റര്‍ വിജിത്ത് പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ലാലി സത്യനാണ് വിത്തുനടീല്‍ ഉദ്ഘാടനം ചെയ്തത്.


 

Print this news