പാലക്കാട്: അന്യംനിന്ന കരനെൽക്കൃഷിയുമായി പയ്യനെടം യു.പി. സ്‌കൂൾ

Posted By : pkdadmin On 12th August 2014



അലനല്ലൂർ: പരമ്പരാഗത നെൽക്കൃഷിരീതിയായ കരനെൽക്കൃഷി സംരക്ഷിച്ച് പുതുതലമുറയ്ക്ക് കാർഷികവൃത്തിയിലെ പഴമയുടെ പഠനത്തിന് അവസരമൊരുക്കുകയാണ് പയ്യനെടം യു.പി. സ്‌കൂൾ.പണ്ടുകാലങ്ങളിൽ ഗ്രാമീണമേഖലയിൽ സജീവമായി കാണപ്പെട്ടിരുന്ന കരയിലും ചേറിലും വിളയിച്ചെടുത്തിരുന്ന 'മോഡൻ' കരനെല്ല് കൃഷി ഇന്ന് നാമാവശേഷമായിരിക്കയാണ്. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി പരമ്പരാഗത കാർഷിക രീതികൾ പരിചയപ്പെടുത്തുന്നതിനായാണ് 'മാതൃഭൂമി സീഡ് ക്ലബ്ബി'ന്റെ ആഭിമുഖ്യത്തിൽ കരനെല്ല് കൃഷി വിദ്യാലയമുറ്റത്ത് ആരംഭിച്ചത്.
മൂന്ന് സെന്റ് സ്ഥലമാണ് ഇതിനായി വിദ്യാർഥികളും അധ്യാപകരും ഒരുക്കിയെടുത്തത്. നിലം തയ്യാറാക്കലും വളമിടലുമെല്ലാം വിദ്യാർഥികൾതന്നെയാണ് ചെയ്തത്.
എടത്തനാട്ടുകരയിലുള്ള കർഷകമിത്രം അവാർഡ് ജേതാവും നെൽ കർഷകനുമായ പറമ്പാട്ട് ഗോപാലകൃഷ്ണൻ സൗജന്യമായി നൽകിയ വിത്താണ് വിദ്യാലയമുറ്റത്ത് വിതച്ചത്.
പരിസ്ഥിതിസംരക്ഷണം, പ്ലാസ്റ്റിക് നിർമാർജനം, ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ മികച്ചരീതിയിൽ ഈ സ്‌കൂളിൽ നടപ്പാക്കുന്നുണ്ട്. ഹെഡ്മസ്ട്രസ് കെ.എ. രാധിക, ആർ. ജയമോഹൻ, എം.ജെ. തോമസ്, പി. സിദ്ധീഖ്, ടി.കെ. ഷുക്കൂർ, സീഡ് കോഓർഡിനേറ്റർ എം. ഹംസ, സീഡ് ക്ലബ്ബ് അംഗങ്ങളായ എസ്.ആർ. ആദിൽ, ഷാമിൽ, റബീന, ദിൽന, ബരീറ എന്നിവർ നേതൃത്വം നൽകി.



 

Print this news