പരവൂര്‍: മാതൃഭൂമി സീഡ്‌ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ കൊല്ലം ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച പൂതക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനും ഉപയോഗിച്ച പ്ലാസ്റ്റിക് പുനര്‍നിര്‍മിച്ച് ഉപയോഗിക്കാനും കുട്ടികളെ പഠിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പൂതക്കുളത്ത് വന്‍ ജനകീയ പങ്കാളിത്തത്തോടെയാണ് നടന്നത്.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പി.ടി.എ. പ്രസിഡന്റ് ബി.ഗിരീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പൂതക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ജയ ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തി. പ്രകൃതിയെ സ്‌നേഹിക്കാനും പരിസ്ഥിതിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാനും നാളത്തെ നാടിന്റെ സംരക്ഷകരായി കുട്ടികളെ മാറ്റിയെടുക്കാനും മാതൃഭൂമി സീഡ് പദ്ധതി വഴി നടത്തുന്ന ശ്രമങ്ങള്‍ മാതൃകാപരമാണെന്നും ഉദ്ഘാടനപ്രസംഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
റീജണല്‍ മാനേജര്‍ എന്‍.എസ്.വിനോദ് കുമാര്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആനി മാത്യു കണ്ടത്തില്‍, ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ.എന്‍.ശ്രീദേവി അമ്മ, ഭൂതക്കുളം ബിജു നമ്പൂതിരി, സ്‌കൂളിലെ സീഡ് ക്‌ളബ്ബ് കോഓര്‍ഡിനേറ്റര്‍ സമീര്‍ഖാന്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സുജാത, വ്യാപാരി പ്രതിനിധി സുനില്‍രാജ്, റസിഡന്റ് അസോസിയേഷന്‍ പ്രതിനിധി പി.ബിജു, പി.ടി.എ. വൈസ് പ്രസിഡന്റ് കെ.പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് സീഡ് കൊല്ലം വിദ്യാഭ്യാസ ജില്ലാ കോഓര്‍ഡിനേറ്റര്‍ ആര്‍.ജയചന്ദ്രന്‍, മാതൃഭൂമി സീഡ് ഇനിഷ്യേറ്റീവ് എക്‌സിക്യൂട്ടീവ് കെ.വൈ.ഷെഫീഖ് എന്നിവര്‍ ലൗവ് പ്ലാസ്റ്റിക് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഒപ്പം അനുബന്ധ ചിത്രപ്രദര്‍ശനവുമുണ്ടായി. നൂറു കണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും മാതൃസമിതി അംഗങ്ങളും പങ്കെടുത്ത ചടങ്ങില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വിജയകുമാരി അമ്മ, പഞ്ചായത്ത് അംഗം പ്രിയശാലിനി ബിജു, പി.ടി.എ. അംഗങ്ങളായ ശ്രീകുമാര്‍, രാധാകൃഷ്ണക്കുറുപ്പ്, മാതൃസംഗമം ചെയര്‍ പേഴ്‌സണ്‍ വിജയ എന്നിവരും സംബന്ധിച്ചു. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ എസ്.മോഹനചന്ദ്രന്‍ സ്വാഗതവും ഉപ പ്രഥമാധ്യാപകന്‍ ഷാജി നന്ദിയും പറഞ്ഞു.