ചാരുംമൂട്: വി.വി.എച്ച്.എസ്.എസ്സില് മാതൃഭൂമി വിദ്യ വി.കെ.സി. ജൂനിയര് നന്മ ക്ലബ്ബിന്റെ നേതൃത്വത്തില് സഹപാഠിക്കൊരു സഹായഹസ്തം പദ്ധതി തുടങ്ങി. സഹപാഠികളോടും കഷ്ടത അനുഭവിക്കുന്നവരോടുമുള്ള സ്‌നേഹവും ദയയും സഹായമനഃസ്ഥിതിയും കുട്ടികളില് ഊട്ടിവളര്ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിലൂടെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യവുമുണ്ട്.
രണ്ടായിരത്തില്പ്പരം വിദ്യാര്ത്ഥികള് പദ്ധതിക്കുവേണ്ടി കൈകോര്ത്തു. പെന്‌സില് മുതല് യൂണിഫോം വരെയുള്ളവ ശേഖരിച്ച്, ക്ലാസ്സ് അധ്യാപകന് വഴി അര്ഹതപ്പെട്ട വിദ്യാര്ത്ഥികള്ക്ക് വിതരണം ചെയ്യാനാണ് നന്മ ക്ലബ്ബിന്റെ തീരുമാനം. സ്‌കൂള് അങ്കണത്തില് നടന്ന ചടങ്ങില് നന്മയുടെ കൂട്ടുകാരില്‌നിന്ന് ഹെഡ്മിസ്ട്രസ് സുനിത ഡി. പിള്ള പഠനോപകരണങ്ങള് ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് എസ്. മധുകുമാര്, പ്രിന്‌സിപ്പല് ജിജി എച്ച്. നായര്, ഡെപ്യൂട്ടി എച്ച്.എം. എ.എന്. ശിവപ്രസാദ്, സ്റ്റാഫ് സെക്രട്ടറി സജി കെ. വര്ഗീസ്, ജോയിന്റ് സ്റ്റാഫ് സെക്രട്ടറി എം. മാലിനി, നന്മ കോഓര്ഡിനേറ്റര് എല്. സുഗതന് എന്നിവര് പ്രസംഗിച്ചു.