ഓയൂര്: ഓടനാവട്ടം കെ.ആര്.ജി.പി.എം.സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് പേപ്പര് കാരീബാഗ് നിർമാണ പരിശീലനം നടന്നു. സ്‌കൂളും പരിസരവും പ്ലാസ്റ്റിക് നിരോധിത മേഖലയാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
സ്‌കൂള് എച്ച്.എം. വി.കെ.ഗോപാലകൃഷ്ണപിള്ള, കാരീബാഗ് നിര്മ്മാണത്തിന്റെ ഉദ്ഘാടനം നിര്വ്വഹിച്ചു. തിരുവനന്തപുരം ഗാന്ധി സ്റ്റഡീസിലെ ഹരിദാസ് കുട്ടികള്ക്ക് പരിശീലനം നല്കി. ആപ്ലിക്കേഷന് കവര്, പലവ്യഞ്ജന കവര്, കാരീബാഗ് എന്നിവയുടെ നിര്മ്മാണത്തില് കുട്ടികള് പരിശീലനം നേടി. പേപ്പര്‌കൊണ്ടുള്ള കമ്മലും കുട്ടികള് നിര്മ്മിച്ചു. അവധി ദിവസങ്ങളില് നോട്ട് ബുക്ക്, പേപ്പര് ആഭരണങ്ങള്, മെഴുകുതിരി, സോപ്പ്, ചന്ദനത്തിരി എന്നിവയുടെ നിർമാണത്തിൽ കുട്ടികള്ക്ക് തുടര്പരിശീലനം നല്കും. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് കുട്ടികള്ക്ക് പ്ലാസ്റ്റിക് പുസ്തക ബാഗുകള്ക്കു പകരം തുണിസഞ്ചി ഉപയോഗം പ്രോത്സാഹിപ്പിക്കും. പരിപാടിയില് പി.ടി.എ. പ്രസിഡന്റ് പി.വി.സലീംലാല് അദ്ധ്യക്ഷത വഹിച്ചു. സീഡ് കോ ഓര്ഡിനേറ്റര് സി.ബിനു സ്വാഗതവും സീഡ് ക്ലബ്ബ് പ്രസിഡന്റ് അസര് നന്ദിയും പറഞ്ഞു.