എഴുകോണ്: എഴുകോണ് വിവേകോദയം സംസ്‌കൃത വൊക്കേഷണല് ഹയര് സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡിന്റെ നേതൃത്വത്തില് പൈതൃകസമാജം രൂപവത്കരിച്ചു. സമാജത്തിന് തുടക്കംകുറിച്ച് പൈതൃക സംസ്‌കൃതിയുടെ അടയാളങ്ങള് പേറുന്ന കുഴിമതിക്കാട് കടുത്താനത്ത് വലിയമഠത്തില് വിദ്യാര്ഥികള് ഒത്തുചേര്ന്നത് സീഡിന്റെ സാംസ്‌കാരിക സമ്പന്നത വെളിവാക്കുന്ന വേറിട്ട കാഴ്ചയായി. കാവുകളും കുളങ്ങളും കുന്നുകളും അടങ്ങുന്ന പ്രകൃതിയുടെ അമൂല്യ വരദാനങ്ങളുടെ വിവരശേഖരണത്തിനും സംരക്ഷണത്തിനും സ്വയം സന്നദ്ധരായ നൂറ് വിദ്യാര്‍ഥികള് അംഗങ്ങളായുള്ളതാണ് പൈതൃകസമാജം.
കടുത്താനത്ത് വലിയമഠത്തിന്റെ നാലുകെട്ടിനുള്ളില് തറവാട്ടമ്മ സുഭദ്രാദേവി അന്തര്ജനം ആട്ടവിളക്കു തെളിച്ച് സമാജത്തിന്റെ പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.ബാബുരാജന് അദ്ധ്യക്ഷത വഹിച്ചു.
മാതൃഭൂമി ന്യൂസ് എഡിറ്റര് തേവള്ളി ശ്രീകണ്ഠന് സാംസ്‌കാരികസന്ദേശം നല്കി. മാതൃഭൂമി സീഡ് മുന്നോട്ടുവയ്ക്കുന്ന ഹരിതവത്കരണത്തിന്റെയും സാംസ്‌കാരികവത്കരണത്തിന്റെയും ഉത്തമ ഉദാഹരണമാണ് എഴുകോണ് സംസ്‌കൃത സ്‌കൂളിന്റെ പൈതൃകസമാജമെന്ന് അദ്ദേഹം പറഞ്ഞു.
കുഴിമതിക്കാടിന്റെ ശതാഭിഷിക്തനായ ഗുരുനാഥന് സി.ആര്.ഉണ്ണിത്താന് മുഖ്യാതിഥിയായി. മാതൃഭൂമി ലേഖകന് എഴുകോണ് സന്തോഷ് പൈതൃക സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മാതൃഭൂമി സോഷ്യല്‍ ഇനിഷ്യേറ്റീവ്‌സ് എക്‌സിക്യൂട്ടീവ് കെ.വൈ. ഷഫീഖ്, കൈപ്പള്ളില് ബാബുരാജ്, സീഡ് കോ ഓര്ഡിനേറ്റര്മാരായ ലിയോ ഉമ്മന്, പ്രവീണ്‌ലാല്, അധ്യാപിക ബിന്ദു തുടങ്ങിയവര് ആശംസാപ്രസംഗം നടത്തി. സ്‌കൂളിലെ സീഡ് യൂണിറ്റിന്റെ പ്രിന്‌സിപ്പല് കോ ഓര്ഡിനേറ്റര് ബി.ബിനു സ്വാഗതവും ഹെഡ്മിസ്ട്രസ് ജീജ നന്ദിയും പറഞ്ഞു. എം.എല്.ടി. വിദ്യാര്ഥി അനന്ദു എസ്. സ്വയം നിര്മ്മിച്ച തിമില വായിച്ചതും വിദ്യാര്‍ഥികള് നാടന്പാട്ടുകള് അവതരിപ്പിച്ചതും ചടങ്ങിനെ ഹൃദ്യമാക്കി. മഠത്തില് സൂക്ഷിച്ചിരിക്കുന്ന ചരിത്രബന്ധമുള്ള സാമഗ്രികള് വിദ്യാര്‍ഥികള് കണ്ട് മനസ്സിലാക്കുകയും മഠത്തിനോടുചേര്ന്ന കാവിലെ സസ്യവൈവിധ്യങ്ങളുടെ വിവരശേഖരണം നടത്തുകയും ചെയ്തു.
എട്ടുവീട്ടില് പിള്ളമാരുമായുള്ള സംഘര്ഷകാലത്ത് വേഷപ്രച്ഛന്നരായി സഞ്ചരിച്ചിരുന്ന മാര്ത്താണ്ഡവര്മ്മ യുവരാജാവും രാമയ്യന് ദളവയും കടുത്താനത്ത് മഠത്തിലെത്തി തങ്ങിയതായാണ് ചരിത്രം. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് മഠത്തില് ഇപ്പോഴുള്ള നാലുകെട്ട്.