മരുന്നുകഞ്ഞി രുചിച്ച് ഏഴോത്തെ കുട്ടികള്‍

Posted By : knradmin On 1st August 2014


 

 
ഏഴോം: മേശപ്പുറത്ത് വാഴത്തടയിട്ട് അതിന്മേല്‍ ഇലയിട്ട് വിളമ്പിയ മരുന്നുകഞ്ഞി പ്‌ളാവിലക്കുമ്പിളില്‍ കോരിക്കുടിച്ചപ്പോള്‍ കുട്ടികള്‍ക്കത് പുതിയ അനുഭവമായി.
ഏേഴാം ഗവ. മാപ്പിള യു.പി. സ്‌കൂളിലെ സീഡ് ക്‌ളബ്ബംഗങ്ങളും പി.ടി.എ.യും ചേര്‍ന്ന് നടത്തിയ നല്ലഭക്ഷണം പരിചയപ്പെടുത്തല്‍ പരിപാടിയുടെ ഭാഗമായാണ് സ്‌കൂളില്‍ കര്‍ക്കടകക്കഞ്ഞിയും ഇലക്കറികളും വിളമ്പിനല്കിയത്.
അധ്യാപകരക്ഷാകര്‍തൃസമിതിയംഗങ്ങളും നാട്ടുകാരും കുട്ടികളോടൊപ്പം മരുന്നു കഞ്ഞി രുചിക്കാനെത്തിയിരുന്നു.
ഏഴോം പഞ്ചായത്ത് ഉപാധ്യക്ഷ പി.ശ്രീദേവിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫറും സീഡ് കോഓര്‍ഡിനേറ്ററുമായ സി.സുനില്‍കുമാര്‍ ഉദ്ഘാടനം െചയ്തു.
കര്‍ക്കടകക്കഞ്ഞിയുടെ പ്രാധാന്യം സ്‌കൂള്‍ സീഡ് കോഓര്‍ഡിനേറ്റര്‍ എ.കുഞ്ഞിക്കൃഷ്ണന്‍ വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ അബ്ദുള്‍റഷീദ്, വി.പ്രസിജ, പി.ടി.എ. പ്രസിഡന്റ് കെ.വി.രാജന്‍ എന്നിവര്‍ ആശംസനേര്‍ന്നു. പ്രഥമാധ്യാപിക എസ്.ഗിരിജാദേവി സ്വാഗതവും പി.വി.ലീല നന്ദിയും പറഞ്ഞു.
മദര്‍ പി.ടി.എ. പ്രസിഡന്റ് കെ.ഇ.സീന, അശ്വതി പി.വി., കെ.വി.പാര്‍വതി, പി.വി.നാരായണി, ദേവദാസ് പി.വി., കെ.അച്യുതന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
 
 

Print this news