ചായ്യോത്ത്: കരിമ്പാറകള്‍ നിറഞ്ഞ സ്‌കൂള്‍ പറമ്പില്‍ കൃഷിപാഠം നെഞ്ചിലേറ്റി കുട്ടികള്‍ വിത്തുവിതച്ചു. കോരിച്ചൊരിയുന്ന കര്‍ക്കടകമഴ വഴിമാറി നിന്നപ്പോള്‍ നാട്ടിപ്പാട്ടിന്റെ ഈണവുമായി രക്ഷിതാക്കളും അവര്‍ക്കൊപ്പം ചേര്‍ന്നു.
ചാമക്കുഴി-കൂവാറ്റി ജി.യു.പി. സ്‌കൂളിലാണ് കൈക്കോട്ടും കുങ്കോട്ടും കൊണ്ട് കരിമ്പാറ ഇളക്കിമറിച്ച് കുട്ടികള്‍ നെല്‍വിത്തിറക്കിയത്. മികച്ച കര്‍ഷകനും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ മണിയറ ബാലന്‍ നായര്‍ കുട്ടികള്‍ക്ക് കൃഷിപാഠം നല്‍കി.
50 സെന്റ് സ്ഥലത്താണ് ആദ്യഘട്ടത്തില്‍ അത്യുത്പാദനശേഷിയുള്ള ആതിര വിത്തിറക്കിയത്. സ്‌കൂളിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പുത്തരി പാല്‍പായസം വെച്ചുകൊടുക്കുകയാണ് ലക്ഷ്യം.
കളപറിക്കാനും നിലമൊരുക്കാനും രക്ഷിതാക്കളായ ഗീത, സുസ്മിത, അനിത, ഷീല, സരസ്വതി, ജയ, സിന്ധു, വിനീത എന്നിവര്‍ കുട്ടികള്‍ക്കൊപ്പം കൂടി.
പ്രഥമാധ്യാപിക എം.സുമതി, സീഡ് ക്ലബ് കോ ഓര്‍ഡിനേറ്റര്‍ കെ.സജിത, പി.പ്രകാശന്‍, പി.രവീന്ദ്രന്‍, ക്ലബ് സെക്രട്ടറി നന്ദനാരാജ്, പ്രസിഡന്റ് സിദ്ധാര്‍ഥ് എന്നിവര്‍ കൃഷിക്ക് നേതൃത്വം നല്‍കി.