ചെങ്ങന്നൂര്: മാതൃഭൂമി സീഡിന്റെ റവന്യുജില്ലാതല ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കാരം പാണ്ടനാട് സ്വാമി വിവേകാനന്ദ ഹൈസ്‌കൂളിന്റെ പ്രകൃതിസംരക്ഷണ പ്രവര്ത്തനങ്ങള്ക്കുള്ള അംഗീകാരമായി. പമ്പാനദി അതിരിട്ടൊഴുക്കുന്ന സ്‌കൂള് വളപ്പില് നിറയുന്ന ഹരിതഭംഗി വിദ്യാര്ഥികളുടെ മനസ്സിലെ പച്ചപ്പിന്റെ പ്രതിഫലനമാണ്.
ജലസംരക്ഷണത്തിന്റെയും കാര്ഷികവൃത്തിയുടെയും ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും ഊര്ജ്ജ സംരക്ഷണത്തിന്റെയുമെല്ലാം ആവശ്യകത അറിഞ്ഞ് വിദ്യാര്ഥികള് പ്രവര്ത്തിച്ചപ്പോഴാണ് സീഡിന്റെ 'ശ്രേഷ്ഠ' പുരസ്‌കാരം ഈ സ്‌കൂളിനെ തേടിയെത്തിയത്. സ്വയം പ്രവര്ത്തിക്കുന്നതോടൊപ്പം പ്രകൃതിസംരക്ഷണത്തിന്റെ പാഠങ്ങള് സമൂഹമനസ്സിലേക്കെത്തിക്കാനും കുട്ടികള് രംഗത്തിറങ്ങിയിരുന്നു. സീഡ് പോലീസാണ് ഈ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കിയത്.
പടര്ന്നുപന്തലിച്ച ശതാവരി, രാമച്ചം, അശോകം, കറുവപ്പട്ട, ലക്ഷ്മീതരു തുടങ്ങി നൂറോളം ഔഷധസസ്യങ്ങള് സ്‌കൂള് വളപ്പില് തഴച്ചുവളരുന്നു. ശലഭങ്ങളെ മാടിവിളക്കാന് പൂക്കള് നിറഞ്ഞ ഉദ്യാനം കുട്ടികള് ഒരുക്കി. 'എന്റെ മരം' പദ്ധതിയില് നട്ടുപിടിപ്പിച്ചത് 200 വൃക്ഷത്തൈകള്. ജന്മനക്ഷത്ര വൃക്ഷങ്ങള് ഇതിന് പുറമേയുണ്ട്.
മരിച്ചുകൊണ്ടിരിക്കുന്ന ഉത്തരപ്പള്ളിയാറിന്റെ പുനരുജ്ജീവനത്തിന് സീഡ് പ്രവര്ത്തകര് ഈ ജലസ്രോതസ്സിനെ തൊട്ടറിഞ്ഞ് പദയാത്ര നടത്തി. ആറിന്റെ അവസ്ഥ മനസ്സിലാക്കാന് ഇതിന്റെ തീരത്തുകൂടി കുട്ടികള് 18 കി.മീറ്റര് സഞ്ചരിച്ചു. സ്ഥലവാസികളുമായി നടത്തിയ സര്വ്വേയുടെ അടിസ്ഥാനത്തില് സീഡ് റിപ്പോര്ട്ടര് ഗായത്രി നന്ദന്റെ നേതൃത്വത്തില് ഡോക്യുമെന്ററിയും തയ്യാറാക്കി. സ്ഥലവാസിയും റിട്ട.അധ്യാപകനുമായ വി.എസ്.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു സര്വ്വേ.
പരിസ്ഥിതിപ്രവര്ത്തകരായ വിദ്യാര്ഥികള്ക്ക് ഗ്രേസ് മാര്‍ക്ക് ആവശ്യപ്പെട്ട് ദേശീയ തപാല് ദിനത്തില് മുഖ്യമന്ത്രിക്ക് കത്തയച്ചത് ചര്ച്ചാവിഷയമായി. സ്‌കൂള് വളപ്പില് സൗരോര്ജ്ജ കുട നിര്മ്മിച്ചു. ഉപയോഗശൂന്യമായ ഡിഷ് ആന്റിനയില് അലൂമിനിയം പേപ്പര് പൊതിഞ്ഞ് വെള്ളം തിളപ്പിക്കാന് സംവിധാനമുണ്ടാക്കി. ലഹരി വിരുദ്ധ പ്രവര്ത്തനങ്ങള്, ജലസംരക്ഷണം, ലവ് പ്‌ളാസ്റ്റിക് തുടങ്ങിയവും പ്രവര്ത്തനങ്ങളില്‌പ്പെടുന്നു.
റോഡുസുരക്ഷാ പ്രവര്ത്തനവും സീഡ് പ്രവര്ത്തകര് ഏറ്റെടുത്തു. നിയമം പാലിച്ച് വാഹനം ഓടിച്ച യാത്രക്കാരെ മധുരം നല്കി അഭിനന്ദിച്ചു.
ഇരുപത് വിദ്യാര്ഥികള് 'സീസണ്‍ വാച്ചില്' പങ്കെടുത്ത് വൃക്ഷങ്ങളെ സ്ഥിരമായി നിരീക്ഷിക്കുന്നു. വിദ്യാകൃഷ്ണന്റെ നേതൃത്വത്തിലാണ് സീസണ്വാച്ച്. പക്ഷിനിരീക്ഷകന് സി. റഹിമിന്റെ നേതൃത്വത്തില് പക്ഷിനിരീക്ഷണം നടന്നു. കുട്ടികളുടെ ഭക്ഷണാവശിഷ്ടങ്ങള് സംസ്‌കരിക്കാന് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു.
മാവിന്ചുവട്ടില് കുട്ടികള്ക്ക് വായനശാലയൊരുക്കിയത് വേറിട്ട പ്രവര്ത്തനമായി. ജീവകാരുണ്യ പ്രവര്ത്തനങ്ങളിലും ഈസ്‌കൂളിലെ സീഡ് പ്രവര്ത്തകര് മുന്നിലായിരുന്നു. ഭിക്ഷാടകര്ക്ക് ഇവര് ഭക്ഷണപ്പൊതി സമാഹരിച്ചു നല്കി. പാവപ്പെട്ട രോഗികള്ക്ക് സഹായഹസ്തവുമായെത്തി. പാവപ്പെട്ട കുട്ടികള്ക്ക് പഠനോപകരണങ്ങളും ഓണക്കിറ്റും നല്കി. ഉത്തരാഖണ്ഡ് ദുരിതാശ്വാസനിധിയിലേക്ക് സീഡ് പ്രവര്ത്തകര് സഹായം നല്കി.
പരിസ്ഥിതി പ്രവര്ത്തന മികവിന് ദേശീയ ഹരിതസേനയുടെ ജില്ലാതല സമ്മാനം ഈ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. ആര്.രാജേഷ് (സീഡ് കോഓര്ഡിനേറ്റര്) വിദ്യാകൃഷ്ണന്, ശ്രീജ കെ.നായര്. മായാദേവി, രമാദേവി എന്നിവരുടെ നേതൃത്വത്തിലുള്ള സീഡ് കമ്മിറ്റിയാണ് പ്രവര്ത്തനങ്ങള് നടത്തുന്നത്. സ്‌കൂള് മാനേജര് വി.എസ്. ഉണ്ണിക്കൃഷ്ണപിള്ള, പി.ടി.എ.പ്രസിഡന്റ് എം.എസ്.രാധാകൃഷ്ണന്, ഹെഡ്മിസ്ട്രസ് എം.സി.അംബികാകുമാരി, ജി.കൃഷ്ണകുമാര്, ഡി.സജീവ്കുമാര്, ടി.കെ.ശശി എന്നിവരുടെ സഹായവുമുണ്ട്.
ചിന്നാറില് നടന്ന മൂന്നുദിവസത്തെ പ്രകൃതിപഠന ക്യാമ്പ്, മെഡിക്കല് ക്യാമ്പ്, രക്തദാനസേന രൂപവത്കരണം തുടങ്ങിയവയും സീഡിന്റെ പ്രവര്ത്തനങ്ങളില് ഉള്‌പ്പെട്ടിരുന്നു.
എസ്.വി.എച്ച്.എസ്. പാണ്ടനാട് സ്‌കൂളിലെ സീഡ് വിദ്യാര്ഥികള് സ്‌കൂള് മാനേജര്, അധ്യാപകര് എന്നിവര്‌ക്കൊപ്പം